ന്യൂദല്‍ഹി: വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി. കേരളത്തില്‍ നിന്ന് ലോക്‌സഭാ, രാജ്യസഭാ എം.പിമാരടക്കം ഏഴ് പേരെയാണ് നിരീക്ഷകരായി കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്.
എം.പിമാരായ എം.കെ. രാഘവന്‍, അടൂര്‍ പ്രകാശ്, ടി.എന്‍. പ്രതാപന്‍ ഹൈബി ഈഡന്‍, ജെബി മേത്തര്‍ എന്നിവരാണ് കര്‍ണാടകയിലെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിരീക്ഷകരാകുക. എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാവ് വി.എസ് ശിവകുമാര്‍ എന്നിവരും പട്ടികയിലുണ്ട്.
28 പേരടങ്ങുന്ന ലോക്‌സഭാ നിരീക്ഷകരുടെ പട്ടികക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അംഗീകാരം നല്‍കിയത്.
കര്‍ണാടക പോളിങ് ബൂത്തിലെത്താന്‍ ഏറെക്കുറെ നൂറ് ദിവസം മാത്രമേയുള്ളൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്ത് കൈവിട്ടുപോയ ഭരണം ഏത് വിധേനെയും തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.
അതേസമയം, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ രാമ ക്ഷേത്രത്തെച്ചൊല്ലിയും ലവ് ജിഹാദിനെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ പോര് രൂക്ഷമായിരുന്നു.
മംഗളൂരുവില്‍ തീവ്രഹിന്ദു സംഘടനകള്‍ ലവ് ജിഹാദില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കാനെന്ന പേരില്‍ ഹെല്‍പ് ലൈന്‍ തുടങ്ങിയിരുന്നു.
ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റായ രാമനഗരയില്‍ അയോധ്യ മോഡലില്‍ രാമക്ഷേത്രം പണിയുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി അശ്വത്ത് നാരായണന്‍ പ്രഖ്യാപിച്ചിരുന്നു.
ജെ.ഡി.എസ് യുവ നേതാവ് നിഖില്‍ കുമാരസ്വാമി ജനവിധി തേടുന്ന സീറ്റുമായ രാമനഗരയിലെ രാമദേവര ഹില്‍സില്‍ രാമക്ഷേത്രം പണിയുമെന്നായിരുന്നു അശ്വത്ത് നാരായണന്റെ പ്രഖ്യാപനം.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്ത് പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ജെ.ഡി.എസിന് വീഴുന്ന ഓരോ വോട്ടും കോണ്‍ഗ്രസിനുള്ളതാണെന്നാണ് അമിത് ഷാ വോട്ടര്‍മാരോട് പറഞ്ഞു.
എന്നാല്‍, ബി.ജെ.പിയുടെ പതനത്തിന് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പോടെ തുടക്കം കുറിക്കുമെന്നാണ് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി അമിത് ഷായ്ക്ക് മറുപടി നല്‍കിയത്.