Film News
മമ്മൂട്ടിയുടെ മകനായതുകൊണ്ട് ദുല്‍ഖര്‍ നേരിടുന്ന സ്ട്രഗിളുണ്ട്; ഇന്ന് എത്തിനില്‍ക്കുന്ന നില അര്‍ഹതപ്പെട്ടതാണ്: അഹാന കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 12, 04:05 pm
Wednesday, 12th April 2023, 9:35 pm

മമ്മൂട്ടിയുടെ മകനായതുകൊണ്ട് സിനിമാ മേഖലയില്‍ ദുല്‍ഖറിന് പ്രതിസന്ധികളുണ്ടായില്ലെന്ന് പറയാനാവില്ലെന്ന് നടി അഹാന കൃഷ്ണ. ദുല്‍ഖറിന് അദ്ദേഹത്തിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും അത് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂവെന്നും അഹാന പറഞ്ഞു. ഇന്ന് എത്തിനില്‍ക്കുന്ന നിലക്ക് ദുല്‍ഖര്‍ പൂര്‍ണമായും അര്‍ഹനാണെന്നും സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു.

‘ഓരോരുത്തരും ഓരോ ബാക്ക്ഗ്രൗണ്ടിലായിരിക്കും ജനിക്കുന്നത്. അവര്‍ക്ക് അവിടെ നിന്നും അപ്‌സ് ആന്‍ഡ് ഡൗണ്‍സ് ഉണ്ടാവും. ദുല്‍ഖര്‍ ആ വീട്ടില്‍ ജനിച്ചതുകൊണ്ട് നേരിടുന്ന ഒരുപാട് ഡൗണ്‍സ് ഉണ്ടാവും. നമുക്കത് അറിയില്ലായിരിക്കും. ഒരോരുത്തരും വരുന്ന ജീവിത സാഹചര്യത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാവും.

വലിയ ബാക്ക്ഗ്രൗണ്ടില്‍ നിന്നു വരുന്ന ആളുകള്‍ എത്ര നല്ല പടങ്ങള്‍ ചെയ്താലും ആളുകള്‍ക്ക് അവരെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ചിലരുടെ സ്ട്രഗിള്‍ അതാണ്. മറ്റ് ചിലരുടെ സ്ട്രഗിള്‍ എന്ന് പറയുന്നത് ഒരു അഞ്ച് പടം കിട്ടുക എന്നുള്ളതായിരിക്കും.

ആലിയ ഭട്ടിനും ഇതുപോലെ അവസരങ്ങള്‍ കിട്ടും. അവര്‍ മികച്ച നടിയാണ്. ആ അവസരങ്ങളെല്ലാം അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അതുപോലെ ദുല്‍ഖറിന്റെ സ്ട്രഗിളെന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇന്ന് ദുല്‍ഖര്‍ എത്തിനില്‍ക്കുന്ന നില അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണ്,’ അഹാന പറഞ്ഞു.

അടിയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന അഹാന ചിത്രം. ഷൈന്‍ ടോം ചാക്കോ നായകനാവുന്ന അടി ഏപ്രില്‍ 14നാണ് റിലീസ് ചെയ്യുന്നത്. വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശോഭ് വിജയനാണ് അടി സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlight: ahana krishna talks about dulquer and mammootty