ഒരാള്‍ക്ക് രണ്ട് തരത്തില്‍ നോ പറയാന്‍ സാധിക്കുമെന്ന് നടി അഹാന കൃഷ്ണ. വളരെ മനോഹരമായിട്ട് എനിക്ക് പറ്റില്ലായെന്ന് പറയാന്‍ കഴിയുമെന്നും അതോടൊപ്പം തന്നെ ബ്രൂട്ടലായിട്ടും നോ പറയാന്‍ സാധിക്കുമെന്നും താരം പറഞ്ഞു. നോ പറയേണ്ടിടത്ത് അത് പറഞ്ഞില്ലെങ്കില്‍ അത് നമ്മളെ ജീവിതകാലം മുഴുവന്‍ ബാധിക്കുമെന്നും താരം പറഞ്ഞു.
നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളുടെ കാരണം മറ്റുള്ളവരെ ബോധിപ്പിക്കേണ്ടതില്ലെന്നും അവരല്ല നമുക്ക് ചെലവിന് തരുന്നതെന്നും അഹാന പറഞ്ഞു. അങ്ങനെയൊരു നോ പറഞ്ഞതിന്റെ പേരില്‍ ഇഷ്ടം നഷ്ടമാകുമെങ്കില്‍ അത് തന്നെ ബാധിക്കില്ലെന്നും രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് രണ്ട് രീതിയില്‍ നോ പറയാന്‍ സാധിക്കും. ഒന്ന് വളരെ മനോഹരമായി പറയാം രണ്ട് വളരെ ബ്രൂട്ടലി പറയാം. എനിക്ക് അത് ചെയ്യാന്‍ പറ്റില്ലായെന്ന് വളരെ ഭംഗിയായിട്ട് പറയാന്‍ പറ്റുന്ന സാഹചര്യമാണെങ്കില്‍ നമുക്കത് അങ്ങനെ പറയാന്‍ സാധിക്കും. അല്ലാതെ എനിക്ക് പറ്റില്ലായെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കേണ്ട ആവശ്യമില്ല. ഒരുപക്ഷെ അപ്പുറത്ത് നില്‍ക്കുന്നയാള്‍ മോശം രീതിയിലായിരിക്കില്ല നമ്മളോട് സംസാരിച്ചത്.
അതല്ല അവരുടെ പെരുമാറ്റം മോശമാണെങ്കില്‍, വേണ്ടായെന്ന് പറഞ്ഞ് മാറി നിന്നാല്‍ ആ ഒരു അഞ്ച് മിനിട്ട് അതുമല്ലെങ്കില്‍ ആ ദിവസം മുഴുവന്‍ നമുക്ക് എന്തോ പോലെ തോന്നുമായിരിക്കും. കാരണം നമുക്കൊരു സമാധാനം കിട്ടില്ല. നമുക്ക് തെറ്റെന്ന് തോന്നിയ ഒരു കാര്യം നമ്മള്‍ ചെയ്യുന്നില്ല അവിടെ തീര്‍ന്നു. എന്നാല്‍ ഞാന്‍ എങ്ങനെ വേണ്ടായെന്ന് പറയും എന്ന് വിചാരിച്ച് നിന്നാല്‍ ജീവിതത്തില്‍ ഉടനീളം അത് നമ്മളെ ബാധിക്കും.
മറ്റൊരു കാര്യം നമ്മള്‍ ആരോടാണ് ഉത്തരം പറയേണ്ടതെന്ന് ആദ്യം നമ്മള്‍ തിരിച്ചറിയണം. ഒരു ബുക്ക് എടുത്തിരുന്ന് ഇക്കാര്യം എഴുതി നോക്കണം. ചിലപ്പോള്‍ അച്ഛനോട് അല്ലെങ്കില്‍ അമ്മയോട് സഹോദരങ്ങളോട് ഒക്കെയായിരിക്കും. അല്ലാതെ നമ്മുടെ ജീവിതത്തെ കുറിച്ച്, എന്റെ അപ്പുറത്തതിന്റെ അപ്പുറത്തതിന്റെ അപ്പുറത്തുള്ള ആന്റിക്ക് ഞാന്‍ എന്തിന് ഉത്തരം നല്‍കണം. അങ്ങനെയുള്ളവരോട് ഉത്തരം പറയേണ്ട ആവശ്യം നമുക്കില്ല.
അവിടെ ഞാന്‍ നോ പറഞ്ഞതിന്റെ പേരില്‍ അവര്‍ക്ക് എന്നോടുള്ള ഇഷ്ടം പോകുമെങ്കില്‍, പോട്ടേയെന്ന് കരുതണം. അതിന് അവരൊന്നുമല്ലല്ലോ നിങ്ങളുടെ വീട്ടില്‍ പച്ചക്കറി വാങ്ങാന്‍ കാശ് തരുന്നത്,’ അഹാന കൃഷ്ണ പറഞ്ഞു.
content highlight: ahana krishna says about how she say no