ലഖ്‌നൗ: ശിവാജിയെക്കുറിച്ചുള്ള ചരിത്ര പരാമർശത്തിൽ തെറ്റ് വരുത്തിയെന്ന് ആരോപിച്ച് മുസ്‌ലിം ഗൈഡിനെ അപമാനിച്ച് ടൂറിസ്റ്റുകൾ. ഉത്തർപ്രദേശിലെ ആഗ്ര കോട്ടയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു കൂട്ടം വിനോദസഞ്ചാരികളാണ് സഗീർ ബെയ്ഗ് എന്ന പ്രാദേശിക ഗൈഡിനെ അപമാനിച്ചത്.
പതിനേഴാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയെക്കുറിച്ച് സംസാരിക്കവെ തെറ്റായ പരാമർശം നടത്തിയെന്നാരോപിച്ച് ടുറിസ്റ്റുകൾ ഗൈഡിനെക്കൊണ്ട് ശിവജി പ്രതിമയുടെ കാൽച്ചുവട്ടിൽ മൂക്ക് ഉരക്കാൻ നിർബന്ധിക്കുകയായിരുന്നു.
ശിവജി ഒരിക്കൽ കോട്ടയിൽ തടവിലായിരുന്നുവെന്നും, അത് രേഖപ്പെടുത്തപ്പെട്ട ചരിത്ര സംഭവമാണെന്നും ബെയ്ഗ് പറഞ്ഞതിനെ തുടർന്നാണ് സംഭവം നടന്നത്. ബെയ്ഗിന്റെ പരാമർശം വിനോദസഞ്ചാരികളെ രോഷാകുലരാക്കുകയും അവർ അവർ അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു . തന്റെ ‘തെറ്റ്’ അംഗീകരിക്കണമെന്ന് വിനോദ സഞ്ചാരികൾ അദ്ദേഹത്തോട് ആവശ്യപ്പെടുകയും മൂക്ക് ശിവജി പ്രതിമയുടെ കാൽച്ചുവട്ടിൽ ഉരക്കാൻ പറയുകയും ചെയ്തു.
ഫെബ്രുവരി 26 ബുധനാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ബെയ്ഗിനെതിരെ ആക്രോശിക്കുന്നതും, അദ്ദേഹത്തെ ശക്തമായി തള്ളിയിടുന്നതും, ശിവാജിയുടെ പ്രതിമയ്ക്ക് മുന്നിൽ മൂക്ക് ഉരക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം.
അവശനിലയിൽ കണ്ട ബെയ്‌ഗ് ക്ഷമാപണം നടത്തുകയും വിനോദസഞ്ചാരികൾ പറഞ്ഞത് പോലെ മൂക്ക് പ്രതിമയുടെ കാൽച്ചുവട്ടിൽ ഉരക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ അവർ വിട്ടയച്ചത്.
ശിവജിയെ അപമാനിച്ചിട്ടില്ലെന്നും ചരിത്രപരമായ വസ്തുതകൾവിശദീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും എന്നാൽ ആൾക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നെന്നും ബെയ്‌ഗ് പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
1681 മുതൽ 1689 വരെ മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ രാജാവായി ഭരിച്ചിരുന്ന ശിവജിയുടെ മൂത്തമകൻ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ചിത്രീകരിക്കുന്ന ആക്ഷൻ സിനിമയായ ഛാവ പുറത്തിറങ്ങിയതിനുശേഷം, മറാത്ത സാമ്രാജ്യത്തെക്കുറിച്ചും ഛത്രപതി ശിവജിയെക്കുറിച്ചുമുള്ള പൊതു ചർച്ചകൾ വർധിച്ചിരുന്നു.
1666-ൽ ആഗ്ര കോട്ടയിലെ ദിവാൻ-ഇ-ആമിൽ വെച്ച് മറാത്ത ഭരണാധികാരി ഛത്രപതി ശിവജിയെയും അദ്ദേഹത്തിന്റെ മകൻ സാംബാജിയെയും മുഗൾ ചക്രവർത്തിയായ ഔറംഗസീബ് തടവിലാക്കിയിരുന്നു.
Content Highlight: Agra guide forced to rub nose on ground over historical fact on Shivaji