അഗ്നിപഥ് പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
national news
അഗ്നിപഥ് പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th June 2022, 4:28 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പൊലീസ് വെടിവെപ്പ് നടന്നത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രതിഷേധം അക്രമത്തിലേക്ക് വഴി വെച്ചതോടെയാണ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തെലങ്കാന പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഗ്നിപഥ് പദ്ധതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. ട്രെയിനുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.

ബിഹാറില്‍ മാത്രം ഇന്നലെ 10 ജില്ലകളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മൂന്ന് ട്രെയിനുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. കോണ്‍ഗ്രസ്, ജെ.ഡി.യു, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം അഗ്നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അഗ്നിപഥ് പിന്‍വലിക്കില്ലെന്നും യുവാക്കള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

രാഹുല്‍ ഗാന്ധി, കപില്‍ സിബല്‍, സീതാറാം യെച്ചൂരി, മേജര്‍ രവി, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പദ്ധതിക്കെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

അഗ്‌നിപഥ് ബി.ജെ.പിയുടെ തന്ത്രങ്ങളുടെ കൂട്ടത്തിലെ പുതിയ തന്ത്രമാണെന്നാണ് കപില്‍ സിബല്‍ കുറിച്ചത്. പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും കപില്‍ സിബല്‍ പറഞ്ഞു.

Content Highlights: agneepat One of the protests against the Central Government announced the  one was killed in police firing