പാലക്കാട്: ഏറ്റുമുട്ടല്‍ കൊലകള്‍ കിരാത ഭരണത്തിന്റെ സൂചനയാണെന്നും അഗളിയില്‍ മൂന്നു പേരെ വെടിവെച്ചു കൊന്ന സംഭവം പൊലീസ് ഭീകരതയെന്നും റെവല്യൂഷണറി മാക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ടി.എല്‍ സന്തോഷ്. പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ മൂടിവെക്കപ്പെടുകയാണെന്നും ഇത്തരം കേസുകള്‍ പുനരന്വേഷണത്തിന് വിധേയമാക്കപ്പെടണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.
കണ്ടിടത്ത് വെച്ച് മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്ന നടപടി കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും അത് ജനാധിപത്യത്തിനു സംഭവിക്കുന്ന അപകട സൂചനയാണെന്നും സംസ്ഥാന കമ്മിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മാവോയിസ്റ്റ് നയവ്യതിയാനങ്ങളെ ആശയപരവും പ്രായോഗികവുമായാണ് തുറന്നുകാട്ടേണ്ടതുണ്ടെന്നും ആവര്‍ത്തിക്കപ്പെടുന്ന ഭരണകൂട കൊലപാതകങ്ങള്‍ ഇതിനെ സാധൂകരിക്കുകയാണ് ചെയ്യുകയെന്നും പൊതു ജനങ്ങളില്‍ അനുഭാവം ഉണ്ടാക്കാന്‍ അത് സഹായിക്കുമെന്നും ആര്‍.എം.പി.ഐ പ്രസ്താവനയില്‍ പറയുന്നു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മനുഷ്യാവകാശങ്ങളും ജനാധിപത്യ രീതികളും മാനിക്കാത്ത കിരാതത്വത്തിലാണ് എത്തിനില്‍ക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും വ്യക്തമാക്കി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വൈത്തിരിയിലും നിലമ്പൂരിലും ഇപ്പോള്‍ അഗളിയിലും മാവോയിസ്റ്റുകള്‍ ഏകപക്ഷീയമായി കൊല്ലപ്പെടുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരു പൊലീസുകാരനും ഇതുവരെയും പരിക്കേറ്റ സാഹചര്യമുണ്ടായിട്ടില്ല. ഒരു ഏറ്റുമുട്ടലിന്റെ സാഹചര്യം പോലും ഉണ്ടായിട്ടില്ലെന്നും ആര്‍.എം.പി.ഐ പറയുന്നു.
പൊലീസ് അതിക്രമങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച ക്രിമിനല്‍ അന്വേഷണങ്ങള്‍ വസ്തുതകള്‍ മൂടിവെയ്ക്കുന്ന പ്രഹസനങ്ങളായാണ് പരിണമിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്തരം കൊലപാതകങ്ങളെ സംബന്ധിച്ച് സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു.