കോഴിക്കോട്: സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് ആക്രമണങ്ങള്‍ക്ക് വിധേയമായ സാമൂഹികപ്രവര്‍ത്തക പ്രീതാ ജി.പിയെ അസഭ്യം പറഞ്ഞ് മൂന്നാമതും ഫേസ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടു. പ്രീതയുടെ മകനെ അശ്ലീലമായി അവതരിപ്പിച്ച് തെറിവിളിച്ചുകൊണ്ടുള്ള ഫോട്ടോയും പേജില്‍ പ്രത്യക്ഷപ്പെട്ടു.
“പ്രീത ജി നായര്‍ ഫേസ്ബുക്ക് വെടി ശിഖണ്ടി & ഗുണ്ടി” എന്ന പേരില്‍ ഇത് മൂന്നാമതായാണ് പേജ് പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ക്കെതിരായ ഈ പേജുകള്‍ മുമ്പ് സോഷ്യല്‍ മീഡിയയിലെ വന്‍ കാമ്പയിനിങ്ങിന്റെയും റിപ്പോര്‍ട്ടിങ്ങിന്റെയും ഭാഗമായി ഫേസ്ബുക്ക് റിമൂവ് ചെയ്തിരുന്നു.
ഈ പേജുകള്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനെതിരല്ല എന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഫേസ്ബുക്ക് വിശദീകരണം നല്‍കിയിരുന്നത്. തുടര്‍ന്ന് ദേശീയമാധ്യമങ്ങളിലടക്കം വിവാദം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കേരളത്തില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ വന്‍തോതില്‍ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. #പ്രീതയ്‌ക്കൊപ്പം എന്ന ഹാഷ്ടാഗ് ഉപയോഗിച്ചു കൊണ്ടാണ് പേജിനെതിരെയും പ്രീതക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ നടന്നിരുന്നത്.
ഇതിനോടകം പുതിയ പേജിനെതിരായും ഫേസ്ബുക്കില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എതിര്‍ സ്വരങ്ങള്‍ സ്ത്രീകളില്‍ നിന്നുമുണ്ടാകുമ്പോള്‍ അവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള സംഘടിത ശ്രമങ്ങളാണുണ്ടാവുകയെന്നും ഇതിനെതിരെ കേരളത്തിന്റെ നീതീന്യായവ്യവസ്ഥ സ്വമേധയാ മുന്നോട്ടു വരേണ്ടതുണ്ടെന്നും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റായ മായ ലീല ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“അനാവശ്യ കാരണങ്ങള്‍ കാണിച്ചാണ് പുരുഷാധിപത്യം കൂട്ടത്തോടെ നിന്ന് ഒരു സ്ത്രീയെ ആക്രമിക്കുന്നത്. പ്രീത ചെയ്തു എന്ന് പറയുന്ന അപരാധങ്ങള്‍ ഒക്കെ ധാരാളം പുരുഷന്മാരും ചെയ്തതാണ് (കലാമിനെതിരെ പറയുക, സുധാകരനും എളമരം കരീമിനും എതിരെ പറയുക മുതലായവ) കൃത്യമായി സ്ത്രീകളെ മാത്രം തിരഞ്ഞുപിടിച്ച് അശ്ലീലവും വൃത്തികേടും മാത്രം ഉപയോഗിച്ച് താറടിച്ചു കാണിക്കും എന്ന് പറയുന്നതിനെ എതിര്‍ക്കാന്‍ സമൂഹവും ഭരണകൂടവും ഒരുപോലെ തയ്യാറാവണം. സൈബര്‍ സെല്ലിനെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ടാണ് ആളുകളുടെ സമ്മതമില്ലാതെ അവരുടെയും കുടുംബാങ്ങളുടെയും ചിത്രങ്ങളും വിശദാംശങ്ങളും ഇട്ട് അവഹേളനങ്ങള്‍ നടത്തുന്നത്. ഇതിനെതിരേ കേരളത്തിന്റെ നീതീന്യായവ്യവസ്ഥ സ്വമേധയാ മുന്നോട്ടു വരേണ്ടതാണ്.” മായാ ലീല പറയുന്നു.
ജൂലൈ 18ന് ജി സുധാകരന്‍ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഒരു സിനിമാ നടിയാകാന്‍ പണ്ടൊക്കെ അഭിനയിച്ചാല്‍ മതിയെന്നും ഇപ്പോള്‍ വസ്ത്രം കുറച്ചൊക്കെ കുറച്ച് പ്രത്യേകരീതിയില്‍ അഭിനയിച്ചാല്‍ വൈറലാവുമെന്നുമായിരുന്നു സുധാകരന്റെ പരാമര്‍ശം. സായിപ്പിന്റെ ഭാഷയില്‍ എഴുതിയാലെ മഹത്തായ സാഹിത്യസൃഷ്ടി ഉണ്ടാകൂ എന്ന ധാരണയാണ് പലര്‍ക്കുമുള്ളതെന്നും സുധാകരന്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു പ്രീതയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. “കോടിയേരി സഖാവേ താങ്കളുടെ പ്രസ്താവന അനുസരിച്ച് ആദ്യം നടപടി എടുക്കേണ്ടത് ഈ വിഡ്ഢി കൂഷ്മാണ്ടത്തിന് എതിരെ ആണ്. ഇയാള്‍ക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ല എന്നതിന്റെ അപകര്‍ഷതയും ഉണ്ട് .. ” ഇതായിരുന്നു പ്രീതയുടെ വിമര്‍ശന പോസ്റ്റ്. സുധാകരനെ “വിഡ്ഢിക്കൂഷ്മാണ്ടം” എന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
ഈ സ്റ്റാറ്റസിനെ തുടര്‍ന്ന് ശക്തമായ ആക്രമണങ്ങള്‍ക്ക് പ്രീത വിധേയമായി.പ്രീതക്കെതിരെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആക്രമണം ഉയര്‍ന്നുവന്നപ്പോള്‍ അതിനെതിരെ സി.പി.ഐ.എം പ്രവര്‍ത്തകരുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
പിന്നീട് ആക്രമണങ്ങളുടെ മറ്റൊരു ഘട്ടം ആരംഭിരക്കുന്നത് പ്രീതയുടെ ഒരു ഫേസ്ബുക്ക് കമെന്റെിനെ തുടര്‍ന്നായിരുന്നു. എ.പി.ജെ അബ്ദുല്‍കലാമിനെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു കമെന്റ്.
“വള്ളിക്കാവിലെ ഫ്രോഡിനെ സപ്പോര്‍ട്ട് ചെയ്ത ആള്‍ എങ്ങനെ മഹത്തായ ശാസ്ത്രജ്ഞനാകും” എന്നായിരുന്നു കമെന്റ്. ഇതിനെ തുടര്‍ന്ന് ആര്‍.എസ്.എസ് അനുഭാവികളുടെ ശക്തമായ ആക്രമണവും പ്രീതയ്ക്ക് നേരിടേണ്ടി വന്നു.
തുടര്‍ന്ന് ഇന്നോളമുള്ള പ്രീതയുടെ എല്ലാ പോസ്റ്റുകളിലും ശക്തമായ അശ്ലീലപ്രയോഗങ്ങളിലൂടെ അസഭ്യവര്‍ഷം തന്നെയുണ്ടായി. മാസ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി പ്രീതയുടെ പ്രൊഫൈല്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.
അങ്ങേയറ്റംം സ്ത്രീവിരുദ്ധമായ പ്രയോഗങ്ങളിലൂടെയാണ് പ്രീത സോഷ്യല്‍മീഡിയയില്‍ ആക്രമിക്കപ്പെടുന്നത്. പ്രീത മദ്യം കുടിക്കുന്നതിന്റെ ഫോട്ടോകളടക്കം കമെന്റുകളായും പോസ്റ്റുകളായും ഉപയോഗിച്ചുകൊണ്ടായിരുന്നു ആക്രമണം. കൂടുതലും സദാചാരപോലിസിങ് തന്നെയായിരുന്നു.
ഒരു സ്ത്രീ തന്റേടത്തോടെ സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പറയുകയും പുരുഷനെ വെല്ലുവിളിക്കുകയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്യുന്നതിനോടുള്ള അസഹിഷ്ണുതയാണ് ഈ ആക്രമണങ്ങളില്‍ തെളിയുന്നത്. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളാണ് എല്ലാ ആക്രമണങ്ങളിലും ഉള്ളത് എന്നത് പ്രീതയുടെ എന്നല്ല സ്ത്രീകള്‍ പൊതുഇടത്തില്‍ ശക്തമായി നില്‍ക്കുന്നതിന്റെ വെറുപ്പുകൂടി പ്രകടമാകുന്നുണ്ട്.
പൂട്ടിയ പേജുകളിലും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട പേജിലും കടുത്ത വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത്. അതുകൂടാതെയാണ് പ്രായപൂര്‍ത്തിപോലുമായിട്ടില്ലാത്ത പ്രീതയുടെ മകന്റെ ഫോട്ടോ ഇട്ടിട്ടുള്ള മനുഷ്യത്വ വിരുദ്ധമായ സ്റ്റാറ്റസും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.