പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഉഭയകക്ഷി സമ്മത പ്രകാരം കരാർ അവസാനിപ്പിച്ചതോടെ സൂപ്പർ താരം റോണോ ഇനി ഏത് ക്ലബ്ബിൽ കളിക്കുമെന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകർ.
ലോകകപ്പിൽ നിന്നും പോർച്ചുഗലിന്റെ പുറത്താകലോടെ ജന്മനാട്ടിലേക്ക് മടങ്ങിയ താരം നിലവിൽ ഒരു ക്ലബ്ബിലും അംഗമല്ലാത്തതിനാൽ താരത്തിന്റെ മൈതാനത്തിലെ പ്രകടനങ്ങൾ ഇനി എന്ന് ആസ്വദിക്കാൻ കഴിയും എന്ന നിരാശയിലാണ് ആരാധകർ.
എന്നാൽ സ്പെയ്നിൽ എത്തിയ റോണോ തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ക്യാമ്പിൽ ബുധനാഴ്ച പരിശീലനം നടത്തിയിരുന്നു. മാഡ്രിഡിലുള്ള വാല്‍ദെബെബാസ് ക്യാമ്പിലാണ് റോണോ പരിശീലനത്തിനിറങ്ങിയത്.
ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് റോണോ റയൽ ക്യാമ്പിൽ പരിശീലനം നടത്തിയ വാർത്ത പുറത്ത്
വിട്ടത്.
ഇതോടെ റൊണാൾഡോ തന്റെ പഴയ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് തിരികെ പോകുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തങ്ങളുടെ മികച്ച താരങ്ങളിൽ ഒരാളായിരുന്ന റോണോയെ തിരികെയെത്തിക്കാൻ റയൽ ശ്രമിക്കുകയാണ് എന്നതരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നത്.
എന്നാൽ ഇപ്പോൾ റൊണാൾഡോ മാഡ്രിഡ് പരിശീലന ക്യാമ്പ് വിട്ടെന്നും തന്റെ പ്രൈവറ്റ് ജെറ്റിൽ ദുബായിലേക്ക് പറന്നെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാഡ്രിഡ് എക്സ്ട്രാ അടക്കം വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡ് ക്ലബ്ബിന് റൊണാൾഡോ തുടർന്നും വാല്‍ദെബെബാസ് ക്യാമ്പിൽ പരിശീലനം നടത്തുന്നതിനോട് വിമുഖത കാണിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
എന്നാൽ റൊണാൾഡൊയോ, റയൽ മാഡ്രിഡോ താരത്തിന്റെ ക്ലബ്ബ് പ്രവേശന വുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും നടത്തിയിരുന്നില്ല.
അതേസമയം സൗദി ക്ലബ്ബായ അൽ നാസർ റോണോയെ വൻ തുകയ്ക്ക് ക്ലബ്ബിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു.
തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണോക്കെതിരെ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.