'രജിനികാന്തിനെ നായകനാക്കി കമല്‍ഹാസനെ വില്ലനാക്കും'; വീണ്ടും ചര്‍ച്ചയായി ലോകേഷിന്റെ പഴയ വീഡിയോ
Entertainment news
'രജിനികാന്തിനെ നായകനാക്കി കമല്‍ഹാസനെ വില്ലനാക്കും'; വീണ്ടും ചര്‍ച്ചയായി ലോകേഷിന്റെ പഴയ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th September 2023, 7:38 pm

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി ലോകേഷിന്റെ പഴയ വീഡിയോ.

നായകനും വില്ലനും ഒരേ പ്രാധ്യാനം കൊടുത്ത് ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ആരെ കാസ്റ്റ് ചെയ്യും എന്ന ചോദ്യത്തിന് മറുപടി പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

അങ്ങനെ ഒരു സിനിമ ചെയ്യാന്‍ അവസരം കിട്ടിയാല്‍ രജിനികാന്തിനെ നായകനാക്കുമെന്നും കമല്‍ഹാസനെ വില്ലനാക്കും എന്നുമാണ് ലോകേഷ് മറുപടി പറയുന്നത്.

ഇത്തരത്തില്‍ തന്നെ ആകുമോ തലൈവര്‍ 171 സംഭവിക്കുന്നത് എന്നാണ് വീഡിയോ പങ്കുവെച്ച് ആരാധകര്‍ ചോദിക്കുന്നത്.

സിനിമ വികടന്‍ സംഘടിപ്പിച്ച ഒരു വേദിയിലാണ് ലോകേഷ് ഇത്തരത്തില്‍ സംസാരിക്കുന്നത്. പുതിയ സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രം ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സില്‍ ആകുമോ എന്ന ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

അതേസമയം സണ്‍ പിക്ചേഴ്സാണ് തലൈവര്‍ 171 നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അന്‍പറിവായിരിക്കും ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തലൈവരുമായി തമിഴ് മുന്‍നിര സംവിധായകന്‍ ലോകേഷ് ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ജയിലറിന്റെ വമ്പന്‍ വിജയ നിറവില്‍ നില്‍ക്കുമ്പോള്‍ തലൈവരുടെ പുതിയ ചിത്രത്തെ പറ്റിയുള്ള വമ്പന്‍ അപ്ഡേറ്റ് വന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.

ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ജയിലര്‍ സമാനതകള്‍ ഇല്ലാതെ കളക്ഷന്‍ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. ജയിലറിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്‌സ് ഓഗസ്റ്റ് 25ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ഇതിനോടകം 525 കോടി രൂപ നേടിക്കഴിഞ്ഞു.

ജയിലറിന്റെ ലാഭവിഹിതത്തില്‍ നിന്നും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്‌ചേഴ്‌സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ നാണയങ്ങള്‍ വിതരണം ചെയ്തിരുന്നു.

ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ നാണയങ്ങളാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കിയത്.

രജനികാന്തിനും സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകനും ഒരു തുകയും ബി.എം.ഡബ്ല്യു കാറും, പോര്‍ഷെ കാറും സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് കൈമാറിയിരുന്നു.

ലിയോ ആണ് ഇനി ഉടന്‍ റിലീസിനൊരുങ്ങുന്ന ലോകേഷ് കനകരാജിന്റെ ചിത്രം. ഒക്ടോബറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, ബാബു ആന്റണി, മിഷ്‌കിന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലേക്ക് എത്തുന്നത്.

Content Highlight: After the announcement of thailvar 171 lokesh kanagaraj old interview is viral now