national news
മഹാരാഷ്ട്രയിൽ അജിത് പവാർ ഘടകത്തിൽ നിന്ന് എൻ.സി.പി എം.എൽ.എ ശരദ് പവാർ പക്ഷത്തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 15, 08:33 am
Friday, 15th March 2024, 2:03 pm

മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് 20 സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻ.സി.പി പക്ഷത്തിനൊപ്പമുണ്ടായിരുന്ന പാർണർ എം.എൽ.എ നീലേശ് ലാൻകെ ശരദ് പവാർ പക്ഷത്തിലേക്ക്.

ലാൻകെ താത്പര്യം കാണിച്ച അഹ്മദ്നഗർ ലോക്സഭാ സീറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ലാൻകെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശരദ് പവാർ ഘടകത്തോടൊപ്പം ഔദ്യോഗികമായി ഇതുവരെ ചേർന്നിട്ടില്ലെങ്കിലും താൻ ശരദ് പവാറിന്റെ പ്രത്യയശാസ്ത്രത്തിനൊപ്പമാണെന്ന് ലാൻകെ പ്രഖ്യാപിച്ചു.

ഒരു വലിയ സംഘം പ്രവർത്തകർക്കൊപ്പമായിരുന്നു പാർണറിൽ നിന്ന് ശരദ് പവാറിനെ കാണാൻ ലാൻകെ പോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

തുടർന്ന് ശരദ് പവാറിനും എൻ.സി.പി (ശരദ്ചന്ദ്ര പവാർ) സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലിനുമൊപ്പം ലാൻകെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അഹ്മദ്നഗർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി എം.പി ഡോ. സുജയ് വിഖേ പാട്ടീലിനെതിരെ മത്സരിക്കുവാൻ ലാൻകെ താത്പര്യം പ്രകടിപ്പിച്ചു.

കൊവിഡ് മഹാമാരി സമയത്ത് ലാൻകെയുടെ പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം പാർട്ടി വിട്ടുപോകുന്നതിന് മുമ്പ് ലാൻകെ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും അല്ലെങ്കിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് അയോഗ്യനാക്കുമെന്നും അജിത് പവാർ പറഞ്ഞു.

Content Highlight: After seat deal, Ajit faction loses MLA to uncle