'പകരത്തിന് പകരം വീട്ടും'; ഇസ്രഈലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന് ഇറാന്‍
World News
'പകരത്തിന് പകരം വീട്ടും'; ഇസ്രഈലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th April 2024, 3:24 pm

ടെഹ്റാന്‍: ഇസ്ഫഹാനില്‍ തിരിച്ചടിച്ചതിന് പിന്നാലെ ഇസ്രഈലിന് മുന്നറിയിപ്പുമായി ഇറാന്‍. തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയാല്‍ ഇസ്രഈലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പകരത്തിന് പകരം വീട്ടിയിരിക്കുമെന്ന് ഐ.ആര്‍.ജി.സി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഇറാന്റെ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സയണിസ്റ്റ് ഭരണകൂടം തീരുമാനിച്ചാല്‍ അതിന് തക്കതായ പ്രതികരണം ലഭിച്ചിരിക്കുമെന്ന് ആണവ സുരക്ഷാ സേനാ മേധാവി ജനറല്‍ അഹ്‌മദ് ഹഖ്തലബ് വ്യാഴാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ അതിന് പിന്നാലെയാണ് ഇസ്രഈല്‍ ഇസ്ഫഹാനില്‍ മിസൈലാക്രമണം നടത്തിയത്.

ഇസ്രഈലിന്റെ ഭീഷണികള്‍ പുതിയതല്ലെന്നും സയണിസ്റ്റ് ഭരണകൂടം ഭീഷണികള്‍ക്ക് പുറമേ അട്ടിമറിയിലും ഭീകരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഹഖ്തലബ് പറഞ്ഞു. ഐ.ആര്‍.ജി.സി ഉദ്യോഗസ്ഥരെ ചൊടിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

ഇറാന്റെ ആണവ നയങ്ങളില്‍ മാറ്റം വരുത്താന്‍ അധികം സമയം വേണ്ടതില്ലെന്നും ഇസ്രഈലിനെ പ്രതിരോധത്തിലാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഐ.ആര്‍.ജി.സി താക്കീത് നല്‍കിയിരുന്നു. ഇസ്രഈലിന്റെ ആണവ കേന്ദ്രങ്ങള്‍ എവിടെയെല്ലാമാണ് സ്ഥാപിതമായിട്ടുള്ളതെന്ന് വ്യക്തമായി അറിയാമെന്നും അതിനാല്‍ തിരിച്ചടിക്കുന്നത് ചിന്തിച്ചിട്ടാകണമെന്നും ഇറാന്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഇസ്ഫാഹാനില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തിനുള്ളില്‍ വിമാന യാത്ര നിര്‍ത്തിവെച്ചു. ഇസ്രഈല്‍ ആക്രമണത്തെ കുറിച്ച് യു.എസിന് അറിവുള്ളതായി അന്താരാഷ്ട്ര മാധ്യമമായ എ.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായി അമേരിക്ക അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ യുറേനിയം പദ്ധതിയുടെ കേന്ദ്രമായ നതാന്‍സ് ഉള്‍പ്പെടെ നിരവധി ഇറാനിയന്‍ ആണവ സൈറ്റുകള്‍ സ്ഥാപിതമായിരിക്കുന്ന സ്ഥലം കൂടിയാണ് ഇസ്ഫഹാന്‍.

Content Highlight: Iran says it will destroy Israel’s nuclear power plants with advanced weapons