സനാ: ഗസയിലും ലെബനനിലും ആക്രമണങ്ങള്‍ നടത്തുന്നതിന് പിന്നാലെ യെമനിലെ ഹൂത്തികളെ ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചതായി ഇസ്രഈല്‍ സൈന്യം . കഴിഞ്ഞ രണ്ട് ദിവസമായി ഹൂത്തികള്‍ ഇസ്രഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രഈല്‍ പ്രത്യാക്രമണം ആരംഭിച്ചിരിക്കന്നത്.
ഇസ്രഈല്‍ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പന്ത്രണ്ടിലധികം യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് വിമാനങ്ങള്‍ റാസ് ഇസ, ഹൊദൈദ തുടങ്ങിയ യെമനന്‍ തുറമുഖങ്ങളിലും പവര്‍ പ്ലാന്റുകളിലും ആക്രമണം നടത്തിയതായി ഇസ്രഈല്‍ അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഹൊദൈദയുടെ പല ഭാഗങ്ങളിലായി വൈദ്യുതി തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തുടര്‍ന്നുണ്ടായ തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ ശ്രമിക്കുന്നതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആളപായം ഉണ്ടായ കാര്യത്തില്‍ വ്യക്തതയില്ല.
ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍-ഹമാസ് സംഘര്‍ഷത്തോടെ യുദ്ധം ആരംഭിച്ചതോടെ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യെമനന്‍ ഗ്രൂപ്പായ ഹൂത്തികള്‍ ഇസ്രഈലിനെ ആക്രമിക്കുന്നുണ്ട്. ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകള്‍ ചെങ്കടലില്‍ വെച്ച് റാഞ്ചിയും മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചും അവര്‍ ഇസ്രഈലിനെ ആക്രമിച്ചിരുന്നു.
‘ഒരു വര്‍ഷമായി, ഹൂത്തികള്‍ ഇറാന്റെ ഫണ്ടോടെ അവരുടെ ശിക്ഷണത്തില്‍ ഇസ്രഈലിനെ ആക്രമിക്കുകയാണ്. ഇതുവഴി ഇസ്രഈലിനെ തകര്‍ക്കാനും ലോകത്തിന്റെ നാവിഗേഷന്‍ തടസ്സപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനായി അവര്‍ക്ക് ഇറാന്‍ മിലിട്ടറിയുടെ സഹായവും ലഭിക്കുന്നുണ്ട്,’ഐ.ഡി.എഫിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഇസ്രഈലിലെ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ മിസൈല്‍ തടഞ്ഞതായി ഇസ്രഈല്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച മറ്റൊരു മിസൈലും ഹൂത്തികള്‍ വിക്ഷേപിച്ചിരുന്നു.