ചണ്ഡിഗഢ്: കോണ്‍ഗ്രസ് വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസില്‍ ഐക്യം ശക്തിപ്പെടുന്നു.
അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് യോഗം ചേരുകയും, മന്ത്രിമാരും എം.എല്‍.എമാരും മുഖ്യമന്തി ചര്‍ണ്‍ജിത് ചന്നിയ്‌ക്കൊപ്പം നിലകൊള്ളുമെന്നും, പഞ്ചാബിന്റെ വികസനത്തിന് ഒന്നിച്ച് നില്‍ക്കുമെന്നും വ്യക്തമാക്കി.
പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം അമരീന്ദര്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. തന്നെ പിന്തുണയ്ക്കുന്ന എം.എല്‍എമാരുടെ എണ്ണം കോണ്‍ഗ്രസ് ബോധപൂര്‍വം കുറച്ചുകാണിക്കുകയായിരുന്നു എന്നാണ് സോണിയാ ഗാന്ധിക്കഴുതിയ കത്തില്‍ അമരീന്ദര്‍ ആരോപിക്കുന്നത്.
തന്റെ ഭരണകാലത്ത് അനധികൃത മണല്‍ ഖനനത്തില്‍ ഏര്‍പ്പെട്ട മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് അമരീന്ദര്‍ ഭീഷണി മുഴക്കി. നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തന്നോടൊപ്പം പുതിയ പാര്‍ട്ടിയില്‍ ചേരുമെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ അടിയന്തര യോഗം ചേരുകയും, പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതിനായി മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ എന്നാണ് ക്യാപ്റ്റന്റെ പാര്‍ട്ടിയുടെ പേര്. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് മുന്‍പ് അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി അറിയിച്ച് സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ പാര്‍ട്ടിയുടെ പിറവി.
ബി.ജെ.പി അമരീന്ദര്‍ സിംഗുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണ്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞ അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.