ശുചിത്വ ഭാരതം എന്ന ആശയം നടപ്പില്‍ വരുത്താന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബര്‍ രണ്ടിന് നടപ്പാക്കിയ പദ്ധതിയാണ് ‘സ്വച്ഛ് ഭാരത്’. ഇന്ത്യയിലെ പൊതുശുചിത്വ നിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മോദി തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.
പൊതു ശുചിത്വത്തിനു പുറമെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനായിരുന്നു കൂടുതല്‍ ഊന്നല്‍ നല്‍കിയത്.
ഗ്രാമീണ ഇന്ത്യയില്‍ 60 ശതമാനം ആളുകളും ഇപ്പോഴും മലമൂത്രവിസര്‍ജ്ജനം നടത്തുന്നുന്നത് വെളിയിടങ്ങളിലാണ് എന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഈ അവസ്ഥയെ ഇന്ത്യ സ്വയം വൃത്തിയാക്കേണ്ട ഒരു ‘കറ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അന്ന് മുതല്‍ സ്വച്ഛ് ഭാരത് ബി.ജെ.പി സര്‍ക്കാറിന്റെ വിജയ പദ്ധതിയാണെന്ന് എത്രയോ തവണ എത്രയോ വേദികളില്‍ കൊട്ടിഘോഷിക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ സ്വച്ഛ് ഭാരത് ഇന്ത്യയില്‍ കാര്യപ്പെട്ട മാറ്റങ്ങളോ ചലനങ്ങളോ കൊണ്ടു വന്നിട്ടുണ്ടോ ?
കേന്ദ്ര സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വച്ഛ്ഭാരത് വിജയകരമായ പദ്ധതിയാണെന്ന് പറയുമ്പോള്‍ കണക്കുകള്‍ പറയുന്നത് മറിച്ചാണ്.
2014 മുതല്‍ 9.5 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ഗ്രാമീണ ആരോഗ്യ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ടു വന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് മറ്റൊന്നാണ്.
ഗ്രാമീണ മേഖലകളിലെ 38ശതമാനം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയിലറ്റുകള്‍ ഇല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് 2018 റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ലോക് സഭയില്‍ നവംബര്‍ 22 ന് എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പത്ത് സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ഗ്രാമീണ മേഖലയില്‍ 50ശതമാനം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയിലറ്റുകളില്ല. തെലങ്കാന,രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമബംഗാള്‍, മധ്യപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
10 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ മേഖലയിലെ 50% സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയിലറ്റുകള്‍ ഇല്ല. 86ശതമാനം സ്റ്റാഫ് ടോയിലറ്റുകള്‍ ആരോഗ്യ കേന്ദ്രങ്ങളുള്ള തെലങ്കാനയിലെ അവസ്ഥയാണ് ഏറ്റവും മോശം.
ഇന്ത്യയുടെ പൊതുജനാരോഗ്യ കാര്യങ്ങളുടെ നട്ടെല്ലായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി), കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ (സി.എച്ച്.സി) എന്നിവ ഉള്‍പ്പെടുന്നു.
2018 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഗ്രാമീണ ഇന്ത്യയില്‍ കുറഞ്ഞത് 60% സബ്‌സെന്ററുകളും18% പി.എച്ച്.സികളും 12% സി.എച്ച്.സികളും സ്റ്റാഫ് ടോയിലറ്റുകളില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെലങ്കാനയില്‍ 4774 സബ്‌സെന്ററുകളിലും സ്റ്റാഫ് ടോയിലറ്റുകള്‍ ഇല്ല. എന്നാല്‍ ആന്ധ്രാപ്രദേശിലുള്ള 7458 സബ്‌സെന്ററുകളിലും സ്റ്റാഴ് ടോയിലറ്റുകള്‍ ഉണ്ട്. തെലങ്കാന സംസ്ഥാനത്തിനുള്ള ആവശ്യം മുന്നോട്ട് വെക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നാണ് തെലങ്കാനയെ അവഗണിക്കുന്നത് മൂലം അയടിസ്ഥാന സൗകര്യങ്ങള്‍ മുരടിച്ചു പോവുകയാണെന്നത്.