പട്‌ന: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബീഹാര്‍ രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍. ലാലു പ്രസാദ് യാദവിന്റെ പഴയ കൂട്ടാളികളില്‍ ഒരാളായ രഘുവംശ് പ്രസാദ് സിംഗ് ആര്‍.ജെ.ഡിയില്‍ നിന്നും പുറത്തുപോയി.
സംസ്ഥാന തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടിയില്‍ നിന്നും മുതിര്‍ന്ന നേതാവിന്റെ പുറത്തുപോക്ക് ആര്‍.ജെ.ഡിക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രഘുവംശ് പ്രസാദ് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1997 ല്‍ രാഷ്ട്രീയ ജനതാ ദള്‍ ആരംഭിച്ചതു മുതല്‍ രഘുവംശ് പ്രസാദ് പാര്‍ട്ടിക്കൊപ്പം ഉണ്ട്. ജനതാ ദള്‍ കാലം തൊട്ടുള്ള ബന്ധമാണ് ലാലുവും രഘുവംശ് പ്രസാദും തമ്മില്‍.
” കര്‍പൂരി താക്കൂറിന്റെ മരണത്തിന് ശേഷം ഞാന്‍ താങ്കളുടെ പിന്നില്‍ 32 വര്‍ഷം നിന്നു, പക്ഷേ ഇനി വയ്യ” രഘുവംശ് ലാലുവിന് എഴുതിയ കത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും തനിക്ക് ഒരുപാട് സ്‌നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും തന്നോട് ദയവ് ചെയ്ത് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
പാര്‍ട്ടിയിലെ നിലവിലുള്ള അവസ്ഥയില്‍ രഘുവംശ് ഒട്ടും തൃപ്തനല്ലെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.
അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവ് ജയിലില്‍ പോയതിന് പിന്നാലെ മകന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നടക്കുന്നത്. തന്റെ എതിരാളിയായ മുന്‍ എം.പി. രാമകിഷോര്‍ സിങ് ആര്‍.ജെ.ഡിയില്‍ ചേരുന്നതും അദ്ദേഹത്തിന് അതൃപ്തി ഉണ്ടാക്കിയിരുന്നു.
നേരത്തെ രാജ്യസഭയിലെ ആര്‍.ജെ.ഡിയുടെ 8 അംഗങ്ങളില്‍ 5 പേര്‍ പാര്‍ട്ടിവിട്ട് നിതീഷ് കുമാറിനൊപ്പം പോയിരുന്നു.
ബീഹാര്‍ തെരഞ്ഞെടുപ്പിനായി ആര്‍.ജെ.ഡിയും ജെ.ഡി.യുവും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നീതീഷ് കുമാറിന്റെ ഭരണ കോട്ടങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍.ജെ.ഡിയുടെ നീക്കം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള എല്ലാവഴികളും ആര്‍.ജെ.ഡി പരീക്ഷിക്കുന്നുണ്ട്. ലാലു പ്രസാദ് യാദവ് തടവിലാണെങ്കിലും പാര്‍ട്ടിയിലെ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.