കടുവക്കൂട്ടിലെത്തി കൊടൂര മാസ് കാണിച്ച രണ്ടാമത് മാത്രം ടീം; ഇതൊക്കെയല്ലേ പ്രതികാരം
Sports News
കടുവക്കൂട്ടിലെത്തി കൊടൂര മാസ് കാണിച്ച രണ്ടാമത് മാത്രം ടീം; ഇതൊക്കെയല്ലേ പ്രതികാരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th July 2023, 3:44 pm

 

അഫ്ഗാനിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ആതിഥേയരെ പരാജയപ്പെടുത്തി സന്ദര്‍ശകര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് വിജയിച്ചാണ് അഫ്ഗാനിസ്ഥാന്‍ സീരീസ് സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് അവസാന മത്സരത്തിന് മുമ്പേ പരമ്പര സ്വന്തമാക്കിയാണ് അഫ്ഗാന്‍ കരുത്ത് കാട്ടിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ആധികാരികമായി പിടിച്ചടക്കിയ അഫ്ഗാനിസ്ഥാന് മുമ്പില്‍ ഡെഡ് റബ്ബര്‍ മാച്ചില്‍ തോല്‍ക്കാതെ പിടിച്ചുനിന്നാണ് ബംഗ്ലാദേശ് മുഖം രക്ഷിച്ചത്. കഴിഞ്ഞ ദിവസം ചാറ്റോഗ്രാമില്‍ മികച്ച വിജയം നേടിയെങ്കിലും അതൊന്നും പരമ്പരയിലെ പരാജയത്തെ മറികടക്കാന്‍ പോന്നതായിരുന്നില്ല.

ഈ വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടവും അഫ്ഗാന്‍ സിംഹങ്ങളെ തേടിയെത്തിയിരുന്നു. 2016ന് ശേഷം ഏകദിനത്തില്‍ ബംഗ്ലാദേശിനെ അവരുടെ തട്ടകത്തിലെത്തി തോല്‍പിക്കുന്ന രണ്ടാമത്തെ ടീമായിക്കൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടികളേറ്റുവാങ്ങിയത്.

2016ല്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനോട് 2-1ന് പരമ്പര അടിയറ വെച്ച ബംഗ്ലാദേശ് 2023 വരെ സ്വന്തം മണ്ണില്‍ ഒ.ഡി.ഐ സീരീസ് പരാജയപെട്ടിരുന്നില്ല. ഒടുവില്‍ 2023 മാര്‍ച്ചില്‍ ഇംഗ്ലണ്ട് തന്നെയാണ് ആ ഡോമിനേഷന്‍ അവസാനിപ്പിച്ചത്.

 

മൂന്ന് മത്സരങ്ങടങ്ങിയ പരമ്പര 2-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇംഗ്ലണ്ട് ചാറ്റോഗ്രാമില്‍ നടന്ന മൂന്നാം മത്സരത്തില്‍ 50 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

ഇതിന് ശേഷം അയര്‍ലന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ 2-1ന് വിജയിച്ച ബംഗ്ലാ കടുവകള്‍ പുതിയ വിന്നിങ് സ്ട്രീക്കിന് തുടക്കം കുറിക്കുമെന്ന് കരുതിയെങ്കിലും സ്വന്തം മണ്ണില്‍ നടന്ന തൊട്ടടുത്ത പരമ്പരയില്‍ തന്നെ പരാജയം ഏറ്റവാവാങ്ങേണ്ടി വന്നിരുന്നു.

അഫ്ഗാന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം 17 റണ്‍സിന് വിജയിച്ച സന്ദര്‍ശകര്‍ രണ്ടാം മത്സരം 142 റണ്‍സിന് പിടിച്ചെടുത്ത് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

ഈ വിജയത്തോടെ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് പര്യടനത്തില്‍ ഏകദിന പരമ്പര പരാജയപ്പെട്ടതിന്റെ സങ്കടം തീര്‍ക്കാനും അഫ്ഗാന്‍ സിംഹങ്ങള്‍ക്കായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന അഫ്ഗാന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ ആതിഥേയര്‍ 2-1നാണ് ഷാഹിദിയെയും സംഘത്തെയും തകര്‍ത്തുവിട്ടത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് അന്ന് ബംഗ്ലാദേശ് വിജയമാഘോഷിച്ചത്.

 

അതേസമയം, രണ്ട് മത്സരങ്ങളുടെ ടി-20 പരമ്പരയാണ് ഇനി അഫ്ഗാന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ ബാക്കിയുള്ളത്. ജൂലൈ 14ന് സിലെറ്റ് സ്റ്റേഡിയമാണ് പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത്.

 

Content highlight: Afghanistan ends Bangladesh’s ODI winning streak