രാജി വെക്കില്ല, സൈന്യത്തെ പുനര്‍വിന്യസിക്കും; താലിബാനെതിരെ പോരാടാനുറച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി
World News
രാജി വെക്കില്ല, സൈന്യത്തെ പുനര്‍വിന്യസിക്കും; താലിബാനെതിരെ പോരാടാനുറച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th August 2021, 6:18 pm

കാബൂള്‍: താലിബാന്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ അതീവ അപകടകരമായ അവസ്ഥയിലാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി. രാജ്യത്തിന്റെ അവസ്ഥയെ കുറിച്ച് പ്രാദേശിക നേതാക്കളോടും ലോകനേതാക്കളോടും സംസാരിച്ചുവരികയാണെന്നും അഷറഫ് ഗാനി പറഞ്ഞു.

ടെലിവിഷന്‍ വഴി സംപ്രേക്ഷണം ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്.

‘നിങ്ങളുടെ പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തിപ്പോഴുണ്ടായിരിക്കുന്ന അസ്ഥിരതയും അക്രമങ്ങളും കുടിയൊഴിപ്പിക്കലുകളും ഇനിയും വര്‍ധിക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്റെ ജനങ്ങളെ ഇതില്‍ നിന്നെല്ലാം സംരക്ഷിക്കുക എന്നതിലാണ് എന്റെ ശ്രദ്ധ,’ അഷറഫ് ഗാനി പറഞ്ഞു.

അഫ്ഗാന്‍ സൈന്യത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വിന്യസിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ അഷറഫ് ഗാനി രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഗാനിയുടെ രാജിയാണ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ താലിബാന്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ പ്രകാരം അഷറഫ് ഗാനിയും അഫ്ഗാന്‍ സര്‍ക്കാരും താലിബാനെതിരെ പോരാടുമെന്ന സൂചനകളാണ് നല്‍കുന്നത്.

നിലവില്‍ അഫ്ഗാനിലെ 18 പ്രധാന പ്രവിശ്യകള്‍ താലിബാന്‍ കീഴടക്കി കഴിഞ്ഞു. തലസ്ഥാന നഗരമായ കാബൂളിനടുത്തുള്ള പ്രദേശങ്ങളും താലിബാന്‍ പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കാബൂളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികള്‍ രാജ്യങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളെല്ലാം ആരംഭിച്ചു കഴിഞ്ഞു.

സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Afghan President addresses nation amid Taliban blitz, says country in serious danger of instability