തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് പി.കെ ശശിക്കെതിരായ ലൈംഗികാരോപണക്കേസില്‍, ശശിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കര്‍ പരിഹാസമറിയിച്ചത്.
മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഒരു കള്ളം കൂടെ പൊളിഞ്ഞു എന്ന് പറഞ്ഞാണ് അഡ്വ. ജയശങ്കര്‍ കുറിപ്പ് ആരംഭിക്കുന്നത്. “പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല ഒന്നുമില്ല സഖാവേ, നത്തിങ്ങ്. തകരയിലെ ചെല്ലപ്പനാശാരിയെ പോലെ നീലയും ചൊമലയും ഷര്‍ട്ടുകള്‍ മാറി മാറിയിടുന്ന ഒരു നിഷ്‌കളങ്കനാണ് പി.കെ ശശി” ജയശങ്കര്‍ പറയുന്നു.
മുമ്പ് ഗോപി കോട്ടമുറിയേയും, പി. ശശിയേയും അപകീര്‍ത്തിപ്പെടുത്തിയ അതേ കുബുദ്ധികളാണ് ഇപ്പോള്‍ ഈ പീഡനാരോപണം ഉന്നയിക്കുന്നതെന്നും പരിഹാസമുണ്ട്. അതും കേരളാ മുഖ്യമന്ത്രി പ്രളയസമയത്ത് വിദേശത്ത് പോയ അവസരത്തില്‍ എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായ വിമര്‍ശനവും ജയശങ്കര്‍ ഉന്നയിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
മാധ്യമ സിൻഡിക്കേറ്റിൻ്റെ ഒരു കളളം കൂടി പൊളിഞ്ഞു.
കേരളത്തിൽ നിന്ന് ഒരു നിയമസഭാംഗത്തിനും എതിരെ ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് സിപിഎം ദേശീയ നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കി. ഇത്തരം പരാതികൾ കേന്ദ്ര ഓഫീസിൽ സ്വീകരിക്കുന്ന പതിവില്ല, അതൊക്കെ അതാത് സംസ്ഥാന നേതൃത്വം പരിഗണിക്കേണ്ട വിഷയമാണെന്നും വ്യക്തമാക്കി.
ഷൊർണൂർ എംഎൽഎ സഖാവ് പികെ ശശിയെ കുറിച്ചും പാവങ്ങളുടെ പാർട്ടിയെ പറ്റിയും നട്ടാൽ കുരുക്കാത്ത എന്തൊക്കെ നുണകളാണ് ഇവിടെ മനോരമാദി മാധ്യമങ്ങൾ അടിച്ചുവിട്ടത്! സഖാവിനെതിരെ ഒരു യുവ വനിതാ വിപ്ലവകാരി പീഡനാരോപണം ഉന്നയിച്ചു, പാർട്ടി സംസ്ഥാന സെക്രട്ടറി അത് അവഗണിച്ചു, സീതാറാം യെച്ചൂരി ഇടപെട്ട് അന്വേഷണത്തിനു ഉത്തരവിട്ടു, രണ്ടംഗ അന്വേഷണ സമിതിയിൽ ഒരു മെമ്പർ വനിതാ സഖാവായിരിക്കണമെന്ന് ശഠിച്ചു… ഇങ്ങനെ പോയി അസംബന്ധ പ്രചരണം.
ഏതായാലും കേന്ദ്ര നേതൃത്വത്തിൻ്റെ പ്രസ് റിലീസോടെ എല്ലാ നുണയും പൊളിഞ്ഞു. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല. ഒന്നുമില്ല സഖാവേ, നത്തിങ്!
“തകര”യിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷർട്ടും നീല ഷർട്ടും ചൊമല ഷർട്ടും മാറി മാറിയിടുന്ന ഒരു നിഷ്കളങ്കനാണ് സഖാവ് പികെ ശശി എംഎൽഎ. അദ്ദേഹം ഒരു പന്നത്തരവും ചെയ്യില്ല, പരാതി ഉണ്ടാവാനും ഇടയില്ല.
മുമ്പ് ഗോപി കോട്ടമുറിയെയും പി ശശിയെയും അപകീർത്തിപ്പെടുത്തിയ അതേ കുബുദ്ധികളാണ് ഇപ്പോൾ പികെ ശശിക്കെതിരെയും പീഡനാരോപണം ഉന്നയിക്കുന്നത്. അതും കേരളം പ്രളയക്കെടുതി നേരിടുമ്പോൾ, മുഖ്യമന്ത്രി ചികിത്സയ്ക്ക് വിദേശത്തു പോയ അവസരത്തിൽ.
മാധ്യമ സിൻഡിക്കേറ്റുകാരേ നിങ്ങൾക്ക് ഹാ, കഷ്ടം!