Advertisement
Kerala
ഈ സര്‍ക്കാര്‍ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാര്‍ക്ക്; സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന് ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 21, 10:42 am
Thursday, 21st January 2021, 4:12 pm

കൊച്ചി: സിനിമാ മേഖലയിലെ ജെണ്ടര്‍ ഇഷ്യൂസ് പഠിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

46 ലക്ഷം രൂപയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി ഈ സര്‍ക്കാര്‍ ചെലവിട്ടതെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ സര്‍ക്കാര്‍ അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഹരീഷ് പറഞ്ഞു.

പരസ്യപ്പെടുത്തരുത് എന്ന നിബന്ധനയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം മാത്രം മറച്ചുവെച്ചു റിപ്പോര്‍ട്ടിന്റെ ബാക്കി ഭാഗം ജനങ്ങള്‍ക്ക് മുന്‍പാകെ വെയ്ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ നികുതി പണം എടുത്ത് ചെലവാക്കി ഉണ്ടാക്കിയ റിപ്പോര്‍ട്ട് വായിക്കാന്‍ ജനത്തിന് അവകാശമുണ്ട്. അതിന്മേല്‍ നടപടി എടുക്കുമോ ഇല്ലയോ എന്നതൊക്കെ സര്‍ക്കാര്‍ കാര്യം. റിപ്പോര്‍ട്ട് പൂഴ്ത്തി വെയ്ക്കാന്‍ അതൊന്നും ന്യായമല്ല.

റിപ്പോര്‍ട്ടിലെ ഉള്ളടക്കമെന്ന പേരില്‍ സര്‍ക്കാരിന് തോന്നുന്ന കാര്യങ്ങള്‍ പറയലല്ല മര്യാദ. സ്ത്രീകളുടെ പിന്തുണ ചോദിച്ചു അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിന് പ്രത്യേകിച്ചും.

ഏതൊക്കെ സ്ത്രീവിരുദ്ധരെയാണ് ജസ്റ്റിസ്.ഹേമ കമ്മീഷന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്? ആ പ്രതികളുടെ പേരുകള്‍ സമൂഹത്തില്‍ വരരുത് എന്നു സര്‍ക്കാരിന് എന്താണിത്ര വാശിയെന്നും ഹരീഷ് ചോദിച്ചു.

ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വെയ്ക്കുക വഴി സര്‍ക്കാര്‍ സ്ത്രീവിരുദ്ധര്‍ക്ക് സഹായം ചെയ്യുകയല്ലേ എന്ന ചോദ്യത്തിനു ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി വിജയന്‍ സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറുപടി പറയേണ്ടി വരുമെന്നും നിയമസഭാ സമ്മേളനം തീരും മുന്‍പ്, 46 ലക്ഷം ചെലവിട്ടുണ്ടാക്കിയ ആ റിപ്പോര്‍ട്ട് സഭാ മേശപ്പുറത്ത് വെയ്ക്കാന്‍ ഒരു പൗരനെന്ന നിലയില്‍ താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും ഹരീഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Adv. Hareesh Vasudevan Against Govt In Hema commission Report