കൊച്ചി: കലാകാരനായ അടൂര്‍ ഗോപാലകൃഷ്ണനെ പറ്റിയല്ല നിലവിലുള്ള ചര്‍ച്ചകളെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. കെ.ആര്‍. നാരയണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളില്‍ അടൂരിന് പിന്തുണയുമായെത്തിയ സി.പി.ഐ.എം നേതാവ് എം.എ. ബേബിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറില്‍ നിന്ന് ജാതിവിവേചനം നേരിട്ടുവെന്ന പരാതിയില്‍ സുതാര്യമായ തീരുമാനമെടുക്കാത്തതാണ് അടൂരിന്റെ ഒന്നാമത്തെ കുറ്റം. ഡയറക്ടര്‍ക്ക് വേണ്ടി വസ്തുതാ വിരുദ്ധമായ ന്യായീകരണങ്ങളുമായെത്തി എന്നതാണ് അടൂര്‍ ചെയ്ത രണ്ടാമത്തെ കുറ്റം. പരാതിക്കാരെ മോശമായ ഭാഷയില്‍ പരസ്യമായി അവഹേളിച്ചു എന്നതാണ് അടൂര്‍ ചെയ്ത മൂന്നാമത്തെ കുറ്റമെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നേരിട്ടോ അല്ലാതെയോ ഉള്ള ജാതിവിവേചനം സ്ഥാപനങ്ങളില്‍ പാടില്ലെന്നത് ഇന്നൊരു ഭരണഘടനാ തത്വം മാത്രമല്ല, യു.ജി.സി മാനദണ്ഡം കൂടിയാണ്. ഇത് കെ.ആര്‍. നാരയണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പാക്കേണ്ട ആളാണ് ഡയറക്ടര്‍ ശങ്കര്‍ മോഹനും അടൂര്‍ ഗോപാലകൃഷ്ണനും. അത് ലംഘിക്കുന്ന ആളെ പരസ്യമായി സംരക്ഷിച്ച ആ നിമിഷം അടൂര്‍ തന്റെ നിയമന മാനദണ്ഡത്തെ സ്വയം റദ്ദാക്കിയെന്നും ഹരീഷ് വാസുദേവന്‍ ആരോപിച്ചു.
ജാതിയെപ്പറ്റി അടൂര്‍ പറഞ്ഞ അസംബന്ധങ്ങള്‍ മാറ്റി നിര്‍ത്തിയാലും, ഭൂതകാലത്തില്‍ അദ്ദേഹം ആരായിരുന്നാലും, ആ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാന്‍ അര്‍ഹതയില്ല എന്ന വസ്തുത പകല്‍ പോലെ വെളിവാക്കപ്പെട്ടുവെന്നും ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.
ഭരണതത്വങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാലിക്കുന്നുണ്ടെങ്കില്‍ അടൂരിനെ ഭരണസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താതെ രക്ഷയില്ല. നികുതി കൊടുക്കുന്ന ഒരു പൗരന്‍ എന്ന നിലയ്ക്ക് അത് തന്റ കൂടി ആവശ്യമാണെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
അടൂരിനെപ്പറ്റിയുള്ള പൊളിറ്റിക്കല്‍ കറക്ട്‌നസ് ഓഡിറ്റ് തല്ക്കാലം എന്റെ വിഷയമല്ല. അങ്ങേര് സ്വയം വെളിപ്പെടുത്തുക വഴി സമൂഹം അത് വിലയിരുത്തുന്നുണ്ട്. ഇതെല്ലാം ചരിത്രം മറന്നുള്ള വ്യക്തിഹത്യ ആകരുത് എന്ന വാദം അംഗീകരിക്കുന്നു. ആ തോന്നല്‍ ആദ്യം വേണ്ടത് സ്വന്തം വാ തുറക്കുമ്പോള്‍ അടൂരിന് തന്നെയാണെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.
അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ ഓരോന്നും എടുത്ത് ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് എം.എ. ബേബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അടൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്.
അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണ്. മലയാള സിനിമയില്‍ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയില്‍ നിന്ന് അടൂര്‍ തന്റെ അമ്പത് വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ മാറിനിന്നു. അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണെന്നും എം.എ. ബേബി പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍ പലതും കേമമാണ്. ലോക സിനിമാ മേഖല ആദരിക്കുന്ന സംവിധായകനാണ്. അദ്ദേഹം കള്‍ച്ചറല്‍ ഫാസിസത്തിനും വലതുപക്ഷത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട സാഹചര്യങ്ങളില്‍ പലപ്പോഴും അത് തുറന്നുപറഞ്ഞ ആളാണ്, മൗനത്താല്‍ കിട്ടേണ്ട വലിയ പദവികള്‍ അതിന്റെ പേരില്‍ വേണ്ടെന്നു വെച്ചയാളാണ്. ഇപ്പോഴും ആ നിലപാടുണ്ടാവാം. ആര്‍ക്കും തര്‍ക്കമുണ്ടാവും എന്ന് തോന്നുന്നില്ല. എന്നാല്‍ കേരള സമൂഹവും സര്‍ക്കാരും അര്‍ഹിക്കുന്ന ആദരം (ഒരുപക്ഷെ അതിലേറെ) അദ്ദേഹത്തിന് നല്‍കേണ്ടപ്പോഴൊക്കെ നല്‍കിയിട്ടുമുണ്ട്. കലാകാരനായ അടൂരിനെ പറ്റിയല്ല നിലവിലുള്ള ചര്‍ച്ചകള്‍ എന്നാണ് എന്റെ തോന്നല്‍.
ഇന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു അഡ്മിനിസ്‌ട്രേറ്റിവ് പദവി വഹിക്കുന്നുണ്ട്. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍. അവിടെ ഡയറക്ടറില്‍ നിന്ന് ജാതിവിവേചനം എന്ന വലിയ പരാതി വന്നപ്പോള്‍ ആരോപണ വിധേയന്റെ ഭാഗം അടൂര്‍ വിശദമായി കേട്ടു. അയാളെ കേള്‍ക്കുന്നത് പോലെയോ അതില്‍ കൂടുതലോ പ്രധാനമാണ് പരാതിയുടെ മെറിറ്റ് പരിഗണിക്കുക എന്നത്. അത് സ്വതന്ത്രമായും മുന്‍വിധി ഇല്ലാതെയും സുതാര്യമായും തീരുമാനം എടുക്കുക എന്നത്. ആരും ആവശ്യപ്പെടാതെ ചെയ്യേണ്ട ചെയര്‍മാന്‍ സീറ്റിന്റെ ഉത്തരവാദിത്തമാണ് അത്. അത് ചെയ്തില്ല എന്നതാണ് അടൂര്‍ ചെയ്ത ഒന്നാമത്തെ കുറ്റം.
ഡയറക്ടര്‍ക്ക് വേണ്ടി വസ്തുതാവിരുദ്ധമായ ന്യായീകരണങ്ങളുമായി വന്നു പക്ഷം പിടിച്ചു എന്നതാണ് അടൂര്‍ ചെയ്ത രണ്ടാമത്തെ കുറ്റം. പരാതിക്കാരെ മോശമായ ഭാഷയില്‍ പരസ്യമായി അവഹേളിച്ചു എന്നതാണ് അടൂര്‍ ചെയ്ത മൂന്നാമത്തെ കുറ്റം. ചെയര്‍മാന്‍ എന്ന നിലയില്‍ ഒരാളും ചെയ്യാന്‍ പാടില്ലാത്തതൊക്കെയും അടൂര്‍ ചെയ്തു കഴിഞ്ഞു.
നേരിട്ടോ അല്ലാതെയോ ഉള്ള ജാതിവിവേചനം സ്ഥാപനങ്ങളില്‍ പാടില്ലെന്നത് ഇന്നൊരു ഭരണഘടനാ തത്വം മാത്രമല്ല. യു.ജി.സിയുടെ Promotion of Equity in Higher Education Institutions Regulation 2012 പ്രകാരം
Equity ഇന്നൊരു statutory right ആണ്. Equity വളര്‍ത്തുക, അതിനുള്ള സാഹചര്യമുണ്ടാക്കുക എന്നതൊക്കെ സ്ഥാപന മേധാവിമാരുടെ ബാധ്യതയും.
പരാതി പോലും ഉണ്ടാവാന്‍ ഇടയാകരുത്. ഇത് ആ സ്ഥാപനത്തില്‍ നടപ്പാക്കേണ്ട ആളാണ് ഡയറക്ടര്‍ ശങ്കര്‍ മോഹനും അടൂര്‍ ഗോപാലകൃഷ്ണനും. അത് ലംഘിക്കുന്ന ആളെ പരസ്യമായി സംരക്ഷിച്ച ആ നിമിഷം അടൂര്‍ തന്റെ നിയമന മാനദണ്ഡത്തെ സ്വയം റദ്ദാക്കി.
പരാതികളില്‍ വസ്തുതയുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി കണ്ടെത്തിയത് കൊണ്ട് മാത്രമല്ല അടൂര്‍ തെറ്റുകാരന്‍ ആകുന്നത്, പരാതിക്കാരെ അവഹേളിക്കുന്ന നിമിഷം മുതല്‍ ഇത്തരം അധികാരസ്ഥാനത്ത് തുടരാനുള്ള തന്റെ യോഗ്യതയെ അടൂര്‍ സ്വയം റദ്ദ് ചെയ്തു. നിങ്ങള്‍ വ്യക്തിപരമായി എത്ര മുന്‍വിധി ഉള്ളയാളായാലും ജനാധിപത്യ വിരുദ്ധനായാലും ഒരു അധികാര സ്ഥാനത്ത് ഇരിക്കണമെങ്കില്‍ ജനാധിപത്യം പ്രവര്‍ത്തിയില്‍ പാലിക്കണമെന്നത് ജനാധിപത്യത്തിന്റെ മിനിമം ആവശ്യകതയാണ്.
ജാതിയെപ്പറ്റിയും മറ്റും അടൂര്‍ പറഞ്ഞ മറ്റ് അസംബന്ധങ്ങള്‍ മാറ്റി നിര്‍ത്തിയാലും, ഭൂതകാലത്തില്‍ അദ്ദേഹം ആരായിരുന്നാലും, ആ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാന്‍ അര്‍ഹതയില്ല എന്ന വസ്തുത പകല്‍ പോലെ വെളിവാക്കപ്പെട്ടു കഴിഞ്ഞു.
അഥവാ, ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കില്‍പ്പോലും അദ്ദേഹത്തെ ആ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം Administrative നിയമ തത്വങ്ങള്‍ പ്രകാരം അടൂര്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നു. ഭരണതത്വങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാലിക്കുന്നുണ്ടെങ്കില്‍ അടൂരിനെ ഭരണസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താതെ രക്ഷയില്ല. നികുതി കൊടുക്കുന്ന ഒരു പൗരന്‍ എന്ന നിലയ്ക്ക് അതെന്റെ കൂടി ആവശ്യമാണ്.
അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയെപ്പറ്റിയുള്ള പൊളിറ്റിക്കല്‍ കറക്ട്‌നസ് ഓഡിറ്റ് തല്ക്കാലം എന്റെ വിഷയമല്ല. അങ്ങേര് സ്വയം വെളിപ്പെടുത്തുക വഴി സമൂഹം അത് വിലയിരുത്തുന്നുണ്ട്. എന്നാലത് ചരിത്രം മറന്നുള്ള വ്യക്തിഹത്യ ആകരുത് എന്ന വാദം അംഗീകരിക്കുന്നു. ആ തോന്നല്‍ ആദ്യം വേണ്ടത് സ്വന്തം വാ തുറക്കുമ്പോള്‍ അടൂരിന് തന്നെയാണ്.
സാംസ്‌കാരിക ഫാസിസത്തിന് എതിരായ രാജ്യത്തെമ്പാടും നടക്കേണ്ട ഗൗരവമായ യുദ്ധത്തില്‍, ഇത്തരം വിയോജിപ്പുകള്‍ മാറ്റിനിര്‍ത്തി അദ്ദേഹത്തെ കൂടെ നിര്‍ത്തേണ്ടതാണ് എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. 100% പൊളിറ്റിക്കല്‍ ശരിയുള്ള മനുഷ്യര്‍ മാത്രമല്ലല്ലോ ആ സമരത്തിന് അണിചേരേണ്ടത്.