ഗോളടിക്കേണ്ട, അസിസ്റ്റും വേണ്ട, വെറുതെ ഇറങ്ങിയാല്‍ തന്നെ അത് റെക്കോഡാ... ഹ്യൂമേട്ടന് പോലും സാധിക്കാത്തത് നേടാന്‍ ലൂണ
ISL
ഗോളടിക്കേണ്ട, അസിസ്റ്റും വേണ്ട, വെറുതെ ഇറങ്ങിയാല്‍ തന്നെ അത് റെക്കോഡാ... ഹ്യൂമേട്ടന് പോലും സാധിക്കാത്തത് നേടാന്‍ ലൂണ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd October 2023, 11:08 am

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഫാന്‍ബേസ് സൃഷ്ടിച്ച താരമാണ് അഡ്രിയാന്‍ ലൂണ. മഞ്ഞപ്പടയുടെ മുന്നേറ്റ നിരയില്‍ പ്രധാനിയായ ഈ ഉറുഗ്വായന്‍ ഇന്റര്‍നാഷണല്‍ ഗോളടിച്ചും അടിപ്പിച്ചും ടീമിനെ മുമ്പില്‍ നിന്നും നയിക്കുകയാണ്.

ഓസ്‌ട്രേലിയന്‍-ന്യൂസിലാന്‍ഡ് ഫുട്‌ബോള്‍ ലീഗായ എ ലീഗില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിലെത്തിയ ലൂണ ടീമിന്റെ സ്റ്റാര്‍ട്ടിങ് ലൈനപ്പിലെ പ്രധാനി കൂടിയാണ്. ഐ.എസ്.എല്ലിന്റെ പത്താം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ ലൂണ കേരളത്തിന്റെ കൊമ്പനെ തോല്‍വിയറിയിക്കാതെ മുമ്പോട്ട് നയിക്കുകയാണ്.

പുതിയ സീസണില്‍ ചിരവൈരികളായ ബെംഗളൂരു എഫ്.സിയെയും കഴിഞ്ഞ ദിവസം ജംഷഡ്പൂര്‍ എഫ്.സിയെയും പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് മുമ്പോട്ട് കുതിക്കുന്നത്. ഈ രണ്ട് മത്സരത്തിലും ലൂണ ഗോള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

റെയ്‌നിങ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. എതിരാളികളുടെ കളിത്തട്ടകത്തില്‍ ഒക്ടോബര്‍ എട്ടിനാണ് മത്സരം അരങ്ങേറുന്നത്.

ഈ മത്സരത്തില്‍ പന്ത് തട്ടുന്നതോടെ ലൂണയെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡുമെത്തും. ബ്ലാസ്‌റ്റേഴ്‌സിനായി 50 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം എന്ന റെക്കോഡാണ് ലൂണയുടെ പേരില്‍ കുറിക്കപ്പെടുന്നത്. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവുമധികം മത്സരം കളിക്കുന്ന വിദേശ താരം എന്ന റെക്കോഡ് ഇതിനോടകം സ്വന്തമാക്കിയ ലൂണ, 50 മത്സരം കളിക്കുന്ന ആദ്യ വിദേശ താരം എന്ന റെക്കോഡും ഇതോടെ തന്റെ പേരിലാക്കും.

ലീഗില്‍ ബ്ലാസ്റ്റേഴ്‌സിനായി 45 മത്സരത്തില്‍ ബൂട്ടുകെട്ടിയ ലൂണ, മറ്റ് ടൂര്‍ണമെന്റുകളിലായി നാല് മത്സരവും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിനായി 12 ഗോള്‍ നേടിയ താരം മറ്റ് നാല് മത്സരത്തില്‍ നിന്നും രണ്ട് ഗോളും കരസ്ഥമാക്കിയിട്ടുണ്ട്.

ജംഷഡ്പൂര്‍ എഫ്.സിക്കെതിരായ മത്സരത്തിലും ലൂണ ഗോള്‍ നേടിയിരുന്നു. ലൂണയുടെ ഏകഗോളിന്റെ ബലത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെ തകര്‍ത്ത് മുന്നേറിയത്. ഈ ഗോളിന് പിന്നാലെ ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവുമധികം ഗോള്‍ നേടിയ രണ്ടാമത് താരം എന്ന റെക്കോഡും ലൂണ സ്വന്തമാക്കിയിരുന്നു.

മലയാളി താരം സി.കെ. വിനീതിനെ മറികടന്നുകൊണ്ടാണ് ലൂണ ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഓഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍.

 

ബ്ലാസ്റ്റേഴ്സിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങള്‍

ബെര്‍തലോമിയു ഓഗ്ബച്ചെ – 15 ഗോള്‍

അഡ്രിയാന്‍ ലൂണ – 12 ഗോള്‍

സി.കെ. വിനീത് – 11 ഗോള്‍

ഇയാന്‍ ഹ്യൂം – 10 ഗോള്‍

ദിമിത്രിയോസ് ഡയമെന്റകോസ് – 10 ഗോള്‍

സഹല്‍ അബ്ദുള്‍ സമദ് – 10 ഗോള്‍

റാഫേല്‍ മെസി ബൗലി – 8 ഗോള്‍

ജോര്‍ജ് പെരേര ഡയസ് – 8 ഗോള്‍

ആല്‍വെരോ വാസ്‌ക്വെസ് – 8 ഗോള്‍

രാഹുല്‍ കെ.പി. – 8 ഗോള്‍

ഇനി നാല് ഗോള്‍ കൂടി കണ്ടെത്തിയാല്‍ ഐ.എസ്.എല്ലില്‍ മഞ്ഞപ്പടയ്ക്കായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡും ലൂണക്ക് സ്വന്തമാക്കാം.

 

Content highlight: Adrian Luna to complete 50 matches for Kerala Blasters