ISL
ഇടി വെട്ടിയവനെ പാമ്പ് കടിച്ചു; കോച്ചിന് പിന്നാലെ ലൂണയും പുറത്തേക്ക്, ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 13, 04:03 pm
Wednesday, 13th December 2023, 9:33 pm

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണക്ക് പരിക്ക്. ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം ലൂണയുടെ കാലിനാണ് പരിക്ക് സംഭവിച്ചത്. ഇതിന് പിന്നാലെ താരം മൂന്ന് മാസം പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയില്‍ വെച്ച് ലൂണയുടെ കാലിന്റെ ശസ്ത്രക്രിയ നടക്കും. ഇതിന് പിന്നാലെ താരത്തിന് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നേരത്തെ കാല്‍മുട്ടിനേറ്റ പരിക്കു മൂലം ഡിസംബര്‍ 14ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ച് പഞ്ചാബ് എഫ്.സിക്കെതിരെ നടക്കുന്ന മത്സരത്തില്‍ ലൂണ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരത്തിന് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്കും ക്യാമ്പിനും വലിയ നിരാശയാണ് നല്‍കുന്നത്.

ഈ സീസണില്‍ മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും നേടി കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായ പങ്കാണ് ഈ ഉറുഗ്വായ്ന്‍ സ്ട്രൈക്കര്‍ നല്‍കിയത്. താരത്തിന്റെ അഭാവം വലിയ തിരിച്ചടിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനേയും പഞ്ചാബ് എഫ്.സിക്കെതിരെയുള്ള മത്സരത്തില്‍ വിലക്ക് നേരിട്ടുണ്ട്. ചെന്നൈയിന്‍ എഫ്. സിക്കെതിരായ മത്സരത്തിനുശേഷം ഐ.എസ്.എല്‍ റഫറിമാര്‍ക്കെതിരെ വിമര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ വിലക്കിയത്.

നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ചു വിജയം രണ്ട് സമനിലയും രണ്ടു തോല്‍വിയും അടക്കം 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

Content Highlight: Adrian Luna injury in Kerala Blasters.