തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഇരട്ടക്കൊലപാതകം നടത്തിയ കേസിലെ പ്രതികള്‍ ആദ്യം തന്നെയാണ് ഫോണില്‍ വിളിച്ചതെന്ന മന്ത്രി ഇ.പി ജയരാജന്റെ ആരോപണത്തിന് മറുപടിയുമായി അടൂര്‍ പ്രകാശ് എം.പി.
പ്രതികളെ രക്ഷപ്പെടുത്താന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും വെറും സി.പി.ഐ.എമ്മുകാരനായാണ് ഇ.പി ജയരാജന്‍ വിമര്‍ശനമുന്നയിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി ജയരാജന്‍ കാടടച്ച് വെടിവെക്കരുത്. മാന്യതയുണ്ട് എങ്കില്‍ തനിക്കെതിരായി ഇ.പി ജയരാജന്‍ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തവും ഇ.പി കാണിക്കണം. എപ്പോള്‍, എങ്ങനെ ബന്ധപ്പെട്ടു എന്ന് പറയണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മന്ത്രിയുടെ പ്രതികരണം ഉത്തരവാദിത്തമില്ലാതെയാണെന്നും സ്വര്‍ണക്കടത്ത് കേസ് മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
കൊലയ്ക്ക് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചെന്നും ലക്ഷ്യം നിര്‍വഹിച്ചെന്ന് പ്രതികള്‍ അടൂര്‍ പ്രകാശിനെ അറിയിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തയെന്നും ഇത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നുമായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ പ്രതികരിച്ചത്.
കൊലയാളി സംഘത്തിന് രൂപം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു. കൊലപാതക ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.
രണ്ട് മാസം മുന്‍പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്തത് അടൂര്‍ പ്രകാശായിരുന്നെന്നും ഇക്കാര്യത്തിലെല്ലാം കോണ്‍ഗ്രസിന് വ്യക്തമായ പങ്കുണ്ടെന്നും സി.പി.ഐ.എം ജില്ലാ നേതൃത്വവും ആരോപിച്ചു.
വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ 8 പേര്‍ കസ്റ്റഡിയിലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക