വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് പാഠപുസ്തകങ്ങളും അവയുടെ കൃത്യമായ വിതരണവും. സംസ്ഥാനത്ത് ഓരോ അധ്യയനവര്‍ഷത്തിലും പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. കൃത്യമായ സമയത്ത് അച്ചടി പൂര്‍ത്തിയാകാത്തതും വിതരണത്തിലെ കാലതാമസവും ആണ് പ്രധാനമായും ഉണ്ടാകാറുള്ളത്.
എന്നാല്‍ നിലവില്‍ പൊതുവിദ്യാലയങ്ങള്‍ക്കായി അച്ചടിക്കുന്ന പാഠപുസ്തകങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. നിരവധി ഫണ്ടുകളാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ അച്ചടിക്കായി ചെലവിടുന്നത്. എന്നാല്‍ ഈ ചെലവാക്കുന്നതിന്റെ യാതൊരു ഗുണനിലവാരവും ഇല്ലാത്ത പുസ്തകങ്ങളാണ് ഇപ്പോള്‍ കുട്ടികള്‍ക്കു മുന്നിലെത്തുന്നത് എന്ന ആരോപണം വ്യാപകമാകുന്നുണ്ട്.
പൊതുവിദ്യാലയങ്ങള്‍ക്കായി എസ്.എസ്.എയുടെ മേല്‍നോട്ടത്തില്‍ ആണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. പാഠപുസ്തകങ്ങളുടെ അച്ചടിക്കായി എസ്.എസ്.എ ഫണ്ട്, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പൊതുവിദ്യാഭ്യാസ ഫണ്ട് എന്നിങ്ങന നിരവധി ഉറവിടങ്ങളില്‍ നിന്നും ഫണ്ടുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവയ്ക്ക് അനുസരിച്ച് പുസ്തക അച്ചടിയിലെ ക്വാളിറ്റിയില്‍ മേല്‍ഗതി ഉണ്ടാകുന്നില്ലെന്നാണ് ആരോപണങ്ങള്‍.
മറ്റൊരു പ്രധാന വസ്തുത ഹൈസ്‌കൂള്‍ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത്. അതുകൊണ്ടാണോ പുസ്തക അച്ചടിയുടെ ഗുണനിലവാരം ഇത്രയും താഴ്ന്ന നിലയിലാക്കാന്‍ കാരണമെന്നാണ് മിക്കവാറും പേരില്‍ നിന്നുയരുന്ന ആരോപണം.
നിലവില്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പുസ്തകങ്ങള്‍ ഏറ്റവും വിലകുറഞ്ഞ പേപ്പറിലാണ് അച്ചടിക്കുന്നത്.
അതായത് മുമ്പ് ഗുണനിലവാരമുള്ള കടലാസ്സായിരുന്നു പുസ്തകങ്ങളുടെ അച്ചടിക്കായി ഉപയോഗിച്ചിരുന്നത്. 90 ജി.എസ്.എം പേപ്പറാണ് സാധാരണയായി പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 40 ജി.എസ്.്എമ്മില്‍ താഴെ ക്വാൡറ്റിയുള്ള പേപ്പറിലാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്.
പേപ്പറിന്റെ ക്വാളിറ്റിയിലുള്ള വ്യത്യാസം പുസ്തകങ്ങള്‍ പഴയതാണെന്ന് തോന്നല്‍ കാഴ്ചയില്‍ തന്നെ ഉണ്ടാക്കുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം.
ALSO READ: പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് ആദിവാസികളോട് അയിത്തം; പരാതിയുമായി ഊരുമൂപ്പന്‍
പേപ്പറിന്റെ ക്വാളിറ്റി കുറയുന്നത് ഓരോ പാഠങ്ങളുടെ ഉള്ളടക്കത്തെയും ആണ് ബാധിക്കുന്നത്. പുസ്തകത്തിനുള്ളിലെ ചിത്രങ്ങളും മറ്റ് പ്രധാനപ്പെട്ട വസ്തുതകളും അവ്യക്തമായി കാണാന്‍ ഇത് കാരണമാകുന്നുവെന്നും ആരോപണങ്ങളുണ്ട്. ക്വാളിറ്റി കുറഞ്ഞ പേപ്പറില്‍ അച്ചടിക്കുന്ന എഴുത്തുകള്‍ അവ്യക്തമാകുന്നുണ്ട്. അതുപോലെത്തന്നെ ഓരോ പേജിലേയും നിറങ്ങള്‍ ഉള്‍പ്പേജുകളിലേക്ക് പടര്‍ന്നു പിടിക്കുന്നതും പേപ്പറിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ്.
സര്‍ക്കാരിനു വേണ്ടിയും പൊതുവിദ്യാലയങ്ങള്‍ക്കായും അച്ചടി നിര്‍വ്വഹിക്കുന്നത് കെ.ബി.പി.എസാണ് ഇതിനു മുമ്പും അച്ചടിയിലെ ക്രമക്കേടുകളെ പറ്റി വാര്‍ത്തകള്‍ വന്നിരുന്നതാണ്. വിലകുറഞ്ഞപേപ്പറില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നും അനുവദിക്കുന്ന തുകയില്‍ വന്‍ തിരിമറി നടക്കാന്‍ സാധ്യതകള്‍ നിരവധിയാണ്.
സര്‍ക്കാര്‍ സ്‌കൂളുകളുടെ അച്ചടിക്കായി ഇടനിലക്കാരായി നില്‍ക്കുന്നവര്‍ക്കും ഇത്തരത്തില്‍ തിരിമറി നടക്കുന്നതിലൂടെ വന്‍തുക കമ്മീഷനായി ലഭിക്കും. എന്നാല്‍ ഈ തിരിമറികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഈ പുസ്തകങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികളെയാണ്. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെയാണ്.
അതേസമയം പാഠപുസ്തകങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലയെന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വസ്തുത. വര്‍ഷങ്ങളായി എസ്.എസ്.എയുടെ മേല്‍നോട്ടത്തിലാണ് സംസ്ഥാനത്തെ പുസ്തക അച്ചടി നടക്കുന്നത്. എന്നാല്‍ വേണ്ട വിധത്തില്‍ അച്ചടിയ്ക്കായി ഉപയോഗിക്കുന്ന പേപ്പറുകളുടെ ക്വാളിറ്റി ഉറപ്പാക്കാന്‍ ഇവര്‍ ശ്രദ്ധിക്കാത്തതും ക്രമക്കേട് ഉണ്ടാകാന്‍ കാരണമാകുന്നു.
സ്വകാര്യ പുസ്തക അച്ചടിക്കാര്‍ക്ക് പുസ്തക അച്ചടി നല്‍കാന്‍ മുമ്പ് നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതുമാണ്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ പ്രസില്‍ തന്നെ അച്ചടിക്കുന്ന പുസ്തകങ്ങളുടെ ക്വാളിറ്റി രണ്ടാം തരത്തിലായിരിക്കുകയാണ്. വിലകുറഞ്ഞ പേപ്പര്‍ ഉപയോഗിച്ച് അച്ചടി പ്രോത്സാഹിപ്പിക്കുന്ന രീതി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ന്യൂനതകളിലൊന്നു കൂടിയാണ്.
അതേസമയം പാഠപുസ്തകത്തിന്റെ ക്വാളിറ്റി വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കില്ലെന്നാണ് അധ്യാപിക കൂടിയായ തൃശ്ശൂര്‍ സ്വദേശി ശീതള്‍ പറയുന്നത്.
പുസ്തകത്തിന്റെ ക്വാളിറ്റി നോക്കിയല്ല ഞാനടക്കമുള്ള അധ്യാപകര്‍ വിദ്യാര്‍ഥികളെ സമീപിക്കുന്നത്. പുസ്തകം അവരെ ഗൈഡ് ചെയ്യാന്‍ വേണ്ടി മാത്രമുള്ളതാണ്. ഞങ്ങള്‍ കഴിയുന്നത്ര വിവരങ്ങളും ഫാക്ടുകളും പുസ്തകത്തിനപ്പുറത്തേക്ക് നിന്ന് അവരില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി പുസ്തകത്തിന്റെ ഉപയോഗം കഴിവതും കുറയ്ക്കാനാണ് ശ്രമിക്കുന്നത്. പുറമേയുള്ള ഉറവിടങ്ങൡ നിന്ന് വിദ്യാര്‍ഥികള്‍ തന്നെ വിവരങ്ങള്‍ അറിയാനാണ് ശ്രമിക്കേണ്ടത്. അതുകൊണ്ടു തന്നെ പുസ്തകത്തിന്റെ ക്വാളിറ്റി ചര്‍ച്ചകളൊന്നും ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും ശീതള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.