ടെലിവിഷൻ പരിപാടികളിലൂടെ അവതാരകനായും സിനിമകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് ആദിൽ ഇബ്രാഹിം. ചുരുങ്ങിയകാലത്തിനിടയ്ക്ക് മുൻനിര നടന്മാരോടൊപ്പമെല്ലാം ആദിൽ അഭിനയിച്ചു കഴിഞ്ഞു.
പൊളിറ്റിക്കൽ കറക്റ്റ്നസി നെ കുറിച്ച് സംസാരിക്കുകയാണ് ആദിൽ. പൊളിറ്റിക്കൽ കറക്റ്റ്നസ് തീർച്ചയായും ആവശ്യമാണെന്നും അല്ലെങ്കിൽ നമുക്ക് മുന്നോട്ട് പോവാൻ സാധിക്കില്ലെന്നും ആദിൽ പറയുന്നു.
സംഭവിക്കാൻ ഉള്ളതെല്ലാം സംഭവിക്കുമെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘പൊളിറ്റിക്കൽ കറക്റ്റ്നസ് വരണം. അല്ലെങ്കിൽ നമുക്ക് മുന്നോട്ട് പോവാൻ സാധിക്കില്ല. മുന്നോട്ട് പോവുന്നത് മാത്രമല്ല, കാലം മാറുകയാണ് ചിന്തകൾ മാറുകയാണ്. നമ്മൾ ഇപ്പോഴും കൊടിയും തൂക്കി പിടിച്ച് ഇതാണ് ആശയം ഇതാണ് കറക്റ്റ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
കാരണം ആളുകൾക്ക് ഇതിനൊന്നും സമയമില്ല. നമ്മുടെ അഭിപ്രായം കേൾക്കാനും സമയമില്ല, ഒന്നിനും സമയമില്ല. എല്ലാത്തിനും ഒരു ശരിയായ രീതിയുണ്ട്. കുറേ കാര്യങ്ങൾ പണ്ടത്തെ പോലെ പറയാൻ പാടില്ല. നമുക്ക് തന്നെ തോന്നാറില്ലേ, അയ്യോ അതിപ്പോൾ പറയാൻ പാടുണ്ടോയെന്ന്. അത് അംഗീകരിക്കുകയാണ് വേണ്ടത്.
അതിനെ നമ്മൾ ചെറുത്തുനിൽക്കാൻ പാടില്ല. നമുക്ക് വരുന്നതിനെയും പുറത്ത് നടക്കുന്നതിനെയും ഒന്നിനെയും ചെറുത്തുനിന്നിട്ട് കാര്യമില്ല. കാരണം സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു കൊണ്ടേയിരിക്കും,’ആദിൽ പറയുന്നു.