കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ സ്ഥലംമാറ്റത്തെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ സംഘം മാറിയിട്ടില്ല, ഒരാള്‍ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും പ്രതികളും ഇക്കാര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത കമ്മീഷണറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ്. ശ്രീജിത്ത്.
ഒരുപാട് കഴിവുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സേനയിലുണ്ട്. അവര്‍ സുത്യര്‍ഹമായ രീതിയില്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് കേസ് അന്വേഷിക്കും. നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് ഒരു മാറ്റവും വന്നിട്ടില്ല.
കേസന്വേഷണം തുടര്‍ച്ചയായ കാര്യമാണ്. ഒരുപാട് പേര്‍ പൊലീസ് സേനയില്‍ ഉണ്ട്. താന്‍ മാറിയെന്ന് വിചാരിച്ചു അന്വേഷണത്തെ ബാധിക്കില്ല. തന്നെക്കാള്‍ മിടുക്കനാണ് നിലവിലെ മേധാവി. താന്‍ മാത്രമായി ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുത്. രണ്ട് കേസിലും ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
യാഥാര്‍ത്ഥത്തില്‍ സംഭവിച്ചത് നാല് സ്വതന്ത്രമായ ഡിപ്പാര്‍ട്ടുമെന്റുകളുടെ തലവന്മാരെ പുനര്‍നിര്‍ണയിക്കുക മാത്രമാണുണ്ടായതെന്നും എസ്. ശ്രീജിത്ത് പറഞ്ഞു. കേസ് തുടര്‍ന്ന് അന്വേഷിക്കുക എന്നത് സര്‍ക്കാരിന്റെ ശക്തമായ തീരുമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.