Entertainment
കാതലിന്റെ കഥയ്‌ക്ക് ഞാൻ മാത്രമല്ല പോൾസൺ സ്കറിയ കൂടി അവാർഡിനർഹൻ: ആദർശ് സുകുമാരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 16, 12:37 pm
Friday, 16th August 2024, 6:07 pm

54ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. മികച്ച കഥയ്ക്കുള്ള അവാർഡ് നേടിയത് മമ്മൂട്ടി നായകനായി എത്തിയ കാതൽ ദി കോർ എന്ന ജിയോ ബേബി ചിത്രമായിരുന്നു.

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നായിരുന്നു കാതൽ ദി കോറിന്റെ കഥ ഒരുക്കിയത്. എന്നാൽ അവാർഡ് പ്രഖ്യാപന വേളയിൽ മികച്ച കഥയ്ക്കുള്ള പുരസ്‌കാരത്തിൽ ആദർശ് സുകുമാരന്റെ പേര് മാത്രമായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്.

സംഭവത്തിന് പിന്നാലെ ആദർശ് സുകുമാരൻ പോൾസൺ സ്‌കറിയ കൂടി അവാർഡിന് അർഹനാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ്.

‘പോൾസൺ സ്കറിയയുടെ പേര് വിട്ട് പോയതാണ്. അത് സാങ്കേതിക പിഴവായിരിക്കാം. പുരസ്‌കാരത്തിനുള്ള എൻട്രി നൽകിയപ്പോൾ അദ്ദേഹത്തിന്റെയും പേര് നൽകിയിരുന്നു. എന്റെ പേര് മാത്രമല്ല,’ആദർശ് സുകുമാരൻ പറഞ്ഞു.

എന്നാൽ സർക്കാർ കേന്ദ്രങ്ങളിലേക്ക് വിളിച്ചിരുന്നുവെന്നും ഉടൻ തന്നെ പരിഹാരമുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ടെന്നുമാണ് പോൾസൺ സ്കറിയ ഇതിനോട് പ്രതികരിച്ചത്.

അതേസമയം ആടുജീവിതം ഒമ്പത് അവാർഡുകൾ നേടി പുരസ്‌കാര നിറവിൽ നിറഞ്ഞ് നിൽക്കുയാണ്. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ചായഗ്രാഹകൻ തുടങ്ങിയ അവാർഡുകളാണ് ചിത്രം നേടിയത്. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉർവശിയും തടവിലെ അഭിനയത്തിന് ബീന. ആർ. ചന്ദ്രനും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ജോജു ജോർജിന്റെ ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. കതലിലെ പ്രകടനത്തിന് സുധി കോഴിക്കോടും ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുൽ കെ.ആറിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

 

Content Highlight: Adarsh Sukumaran Says That Paulson Skariya Is Also The part Of Kaathal The Core Movie State Award