ന്യൂദല്‍ഹി: നവംബര്‍ 15 മുതല്‍ ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഗോ കണ്ടെയ്‌നറുകള്‍ ഇനി മുതല്‍ സ്വീകരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍. ദിവസങ്ങള്‍ക്ക് മുന്‍പേ അദാനി തുറമുഖത്തില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എന്നാല്‍ തങ്ങളുടെ ചരക്കുകള്‍ നിരോധിക്കുന്ന ഈ നടപടി ബാലിശവും യുക്തിരഹിതവുമാണെന്നാണ് ഇറാന്‍ പ്രതികരിച്ചത്. ഇറാനിയന്‍ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഓഫീസര്‍മാരും ഇന്ത്യന്‍ അധികൃതരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
2,988.21 കിലോഗ്രാം ഹെറോയിനാണ് ഗുജറാത്തിലെ മുന്ദ്ര തുറമഖത്തില്‍ നിന്നും എന്‍.ഐ.എ പിടിച്ചെടുത്തിരുന്നത്. രണ്ട് കണ്ടെയ്‌നറുകളിലായാണ് ഹെറോയിന്‍ കടത്തിക്കൊണ്ടു വന്നിരുന്നത്. ‘ഹാഫ് റിഫൈന്‍ഡ് ടാല്‍ക്ക് സ്റ്റോണ്‍’ എന്ന പേരിലായിരുന്നു കണ്ടെയ്‌നര്‍ തുറമുഖത്തിലെത്തിയത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും പുറപ്പെട്ട് ഇറാനിലെ ബന്ദര അബ്ബാസ് തുറമുഖത്തിലൂടെയാണ് ഹെറോയിന്‍ അദാനി തുറമുഖത്തിലെത്തിയത്. ഇക്കാരണം കൊണ്ടാണ് ഇറാന്‍ മുതലായ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത് എന്നാണ് പോര്‍ട്ട് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇറാന്‍-ഇന്ത്യ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും ഇത്തരത്തില്‍ വര്‍ധിച്ചു വരുന്ന മയക്കു മരുന്ന കടത്തിന്റെയും അതിന്റെ അനന്തരഫലങ്ങളും ചര്‍ച്ച ചെയ്തു.
സെപ്റ്റംബര്‍ 15നായിരുന്നു കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) തുറമുഖത്ത് നിന്നും രണ്ട് കണ്ടെയ്നറുകളിലായി അഫ്ഗാന്‍ നിര്‍മിത ഹെറോയിന്‍ പിടികൂടിയത്.
ഏകദേശം 21000 കോടി വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം ഹെറോയിന് ഏകദേശം അഞ്ച് മുതല്‍ ഏഴ് കോടി വരെ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ത്യയില്‍ ഇതുവരെ ഒറ്റത്തവണയായി ഹെറോയിന്‍ പിടിച്ചെടുത്തതില്‍ ഏറ്റവും വലിയതാണ് മുന്ദ്രയിലേത്.
എന്നാല്‍ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും അവിടെ എത്തുന്ന ചരക്കുമായി ഒരു തരത്തിലും ബന്ധമില്ലെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം.