കൊളംബോ: മുന്‍സര്‍ക്കാര്‍ നിശ്ചയിച്ച താരിഫ് പുതിയ ഇടതു സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെ ശ്രീലങ്കയിലെ കാറ്റാടിപ്പാട പദ്ധതികളില്‍ നിന്ന് പിന്‍മാറി അദാനി ഗ്രൂപ്പ്. നേരത്തെ ഈ പദ്ധതികളില്‍ നിന്നും യൂണിറ്റിന് 7.17 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാമെന്ന് മുന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരുന്നു.
എന്നാല്‍ ഇത് സര്‍ക്കാറിന് വലിയ ബാധ്യതയുണ്ടാക്കുമെന്ന് കണ്ടെത്തി പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ ഈ താരിഫ് വെട്ടിക്കുറച്ച് യൂണിറ്റിന് 5.21 രൂപയാക്കുകയായിരുന്നു. പിന്നാലെയാണ് ഈ പദ്ധതികളില്‍ നിന്ന് പിന്‍മാറുകയാണെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടുലുകളുടെ ഭാഗമായാണ് അദാനിക്ക് ഈ പദ്ധതികള്‍ ലഭിച്ചതെന്ന് ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പദ്ധതി പുനപരിശോധിക്കണമെന്ന് ശ്രീലങ്കയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ ആവശ്യമുയര്‍ത്തിയിരുന്നു.
പിന്നീട് അനുകുമാര ദിസനായകയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാര്‍ ഈ പദ്ധതി വിലയിരുത്തുകയും മുന്‍ സര്‍ക്കാറിന്റെ താരിഫ് രാജ്യത്തിന് നഷ്ടമുണ്ടാക്കുമെന്നും കണ്ടെത്തി. പിന്നാലെയാണ് താരിഫ് വെട്ടിക്കുറച്ചത്.
ശ്രീലങ്കയിലെ മാന്നാര്‍, പൂനേര്‍ എന്നിവിടങ്ങളിലാണ് അദാനി ഗ്രീന്‍ എനര്‍ജി രണ്ട് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കാന്‍ തിരുമാനിച്ചത്. ഈ പദ്ധതികള്‍ അദാനിക്ക് ലഭിക്കാന്‍ വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
രണ്ട് കാറ്റാടിപ്പാടങ്ങളും ട്രാന്‍സ്മിഷനുകളും സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇവിടെ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനും തിരുമാനമായിരുന്നു. ഈ പദ്ധതിയില്‍ നിന്നാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ് പിന്‍മാറിയിരിക്കുന്നത്. ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റാണ് അദാനി ഗ്രൂപ്പ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയ വിവരം പുറത്തുവിട്ടത്.
442 മില്യണ്‍ ഡോളറിന്റെ പദ്ധതിയായിരുന്നു അദാനി ഗ്രൂപ്പ് ശ്രീലങ്കയില്‍ തീരുമാനിച്ചിരുന്നത്. 2024മെയ് മാസത്തിലാണ് മുന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇവിടെ നിന്നും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനമെടുത്തത്. 2026 പകുതിയോടെ പദ്ധതി പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം.
പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടെ തന്നെ പദ്ധതിക്കെതിരെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീലങ്കന്‍ സുപ്രീം കോടതി ഉള്‍പ്പടെ ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പില്‍ നിന്നും മുന്‍ ശ്രീലങ്കന്‍ സര്‍ക്കാറില്‍ നിന്നും വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.
പദ്ധതിക്കെതിരെ കൈക്കൂലി ആരോപണം ഉള്‍പ്പടെ ഉയര്‍ന്ന സാഹചര്യത്തില്‍ ദിസനായകെയും നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ മുന്‍ സര്‍ക്കാറിന്റെ കരാറുകള്‍ റദ്ദാക്കുകയും പദ്ധതിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ കരാര്‍ പുനപരിശോധിച്ച് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ച താരിഫ് വെട്ടിക്കുറക്കുകയായിരുന്നു.
content highlights: Adani Group pulls out of power project in Sri Lanka