national news
ഭാരത് ജോഡോ യാത്രയില്‍ ഒപ്പം ചേര്‍ന്ന് സ്വര ഭാസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 01, 06:35 am
Thursday, 1st December 2022, 12:05 pm

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജ്വയിനില്‍ വെച്ചായിരുന്നു സ്വര രാഹുലിനൊപ്പം ചേര്‍ന്നതും യാത്രയില്‍ ഒപ്പം നടന്നതും.

ബുധനാഴ്ച തന്നെ ഇന്‍ഡോറിലെത്തിയ സ്വര ഭാസ്‌കര്‍, ഭാരത് ജോഡോ യാത്രയുടെ 83ാം ദിവസമായ വ്യാഴാഴ്ച രാവിലെയാണ് യാത്രയില്‍ പങ്കെടുത്തത്.

സ്വര ഭാസ്‌കറും രാഹുല്‍ ഗാന്ധിയും ഒരുമിച്ച് നടന്നുനീങ്ങുന്നതിന്റെ ചിത്രം കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട് ”ഇന്ന് പ്രശസ്ത നടി സ്വര ഭാസ്‌കര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യമാണ് ഈ യാത്രയെ വിജയിപ്പിക്കുന്നത്,” കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

തന്റെ സംഘപരിവാര്‍- ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ തുറന്ന് പറയാറുള്ള സ്വര ഭാരത് ജോഡോ യാത്ര ആരംഭിച്ച സമയത്ത് തന്നെ രാഹുല്‍ ഗാന്ധിക്കും യാത്രക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിലെ പരാജയവും വ്യക്തിപരമായ ആക്രമണങ്ങളും ട്രോളുകളും നേരിട്ടിട്ടും രാഹുല്‍ ഈ യാത്ര നടത്തുന്നതിനെയായിരുന്നു താരം അഭിനന്ദിച്ചത്.

”തെരഞ്ഞെടുപ്പ് പരാജയത്തിനും ട്രോളുകള്‍ക്കും വ്യക്തിപരമായ ആക്രമണങ്ങള്‍ക്കും തുടര്‍ച്ചയായ വിമര്‍ശനങ്ങളുമുണ്ടാകുമ്പോഴും വര്‍ഗീയ പ്രസംഗങ്ങള്‍ക്കോ സെന്‍സേഷണലിസ്റ്റ് രാഷ്ട്രീയത്തിനോ രാഹുല്‍ ഗാന്ധി വഴങ്ങിയിട്ടില്ല.

ഈ രാജ്യത്തിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര പോലെയുള്ള ശ്രമങ്ങള്‍ അഭിനന്ദനീയമാണ്,” എന്നായിരുന്നു സ്വര ഭാസ്‌കര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്.

നേരത്തെ ബോളിവുഡ് താരങ്ങളായ പൂജ ഭട്ട്, സുശാന്ത് സിങ്, രശ്മി ദേശായ്, റിയ സെന്‍, അമോല്‍ പലേക്കര്‍ എന്നിവരും ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നിരുന്നു.

അതേസമയം പ്രതിഫലം വാങ്ങിയാണ് സിനിമാ താരങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ വാദം കോണ്‍ഗ്രസും പൂജ ഭട്ട് അടക്കമുള്ള താരങ്ങളും തള്ളിയിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 150 ദിവസങ്ങള്‍ കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റര്‍ നടന്ന് കശ്മീരിലെ ശ്രീനഗറിലായിരിക്കും യാത്ര അവസാനിക്കുക.

Content Highlight: Actress Swara Bhasker joins Rahul Gandhi’s Bharat Jodo Yatra