Entertainment news
എന്റെ അമ്മായിയുടെ മകള്‍ക്ക് കാലുവേദന എന്നൊക്കെ പറഞ്ഞാണ് ആളുകള്‍ വരുന്നത്; നിനക്കെന്നെ ഒരു വിലയുമില്ലല്ലോ എന്ന് പുള്ളി ചോദിക്കും: ശില്‍പ ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 16, 10:49 am
Thursday, 16th March 2023, 4:19 pm

നടിയും അവതാരകയുമായ ശില്‍പ ബാല തന്റെ പങ്കാളിയെ കുറിച്ച് സംസാരിക്കുകയാണ്. തന്റെ പങ്കാളി ഒരു ഡോക്ടറായതിന്റെ ഗുണവും ദോഷവുമാണ് താരം പറയുന്നത്. കല്യാണത്തിനും മറ്റ് പാര്‍ട്ടികള്‍ക്കുമൊക്കെ പോകുമ്പോള്‍ പലരും വന്ന് രോഗ വിവരങ്ങള്‍ പറയുമെന്നാണ് ശില്‍പ പറയുന്നത്. ഡോക്ടറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പലര്‍ക്കും ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി തനിക്ക് ആശുപത്രിയില്‍ പോകുന്നത് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് ഡോക്ടറിനെ വിവാഹം ചെയ്തതെന്നും ശില്‍പ പറഞ്ഞു. രോഗം മാറിയതിനുശേഷവും തന്റെ പങ്കാളിയെ കാണാന്‍ അദ്ദേഹം ചികിത്സിച്ചവര്‍ വരുമെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ശില്‍പ പറഞ്ഞു.

‘പുള്ളി ചെയ്യുന്നത് ആ പ്രൊഫഷനായതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷനാണ്. ഡോക്ടറായതുകൊണ്ട് എപ്പോഴും സീരിയസായിരിക്കുമല്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. പുള്ളിയെ കല്യാണം കഴിക്കുമ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ച ഒരു കാര്യമായിരുന്നു അത്. എനിക്ക് അതിനും ഇതിനും വേണ്ടിയൊന്നും ഹോസ്പിറ്റലില്‍ പോകാന്‍ പറ്റില്ല, എല്ലാ സംശയങ്ങളും അപ്പോള്‍ തന്നെ തീര്‍ക്കാന്‍ പറ്റുന്ന ഒരു ഡോക്ടര്‍ എന്റെ കൂടെ തന്നെ വേണമെന്ന്.

ഞാന്‍ പറഞ്ഞാല്‍ ആളുകളെങ്ങനെ എടുക്കുമെന്ന്‌ എനിക്കറിയില്ല. ഒരു കല്യാണത്തിനോ പാര്‍ട്ടിക്കോ ഒക്കെ പോയി കഴിഞ്ഞാല്‍ ചേട്ടാ എനിക്ക് കുറച്ച് ദിവസമായി നല്ല വയറുവേദന എന്നൊക്കെ പറഞ്ഞ് ആളുകള്‍ കയറി വരും. അല്ലെങ്കില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും, ചേട്ടാ എന്താണെന്നറിയില്ല എന്റെ അമ്മായിയുടെ മകള്‍ക്ക് കാലിനൊരു വേദന എന്നൊക്കെ പറഞ്ഞ് വരുന്നത്.

എല്ലാവരും ഒരു ഡോക്ടറിനെ കാണുമ്പോള്‍ വന്ന് ചോദിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ നമുക്ക് അവരെയൊന്നും കുറ്റം പറയാന്‍ സാധിക്കില്ല. പക്ഷെ നമ്മള്‍ ഒന്ന് ചിന്തിച്ച് നോക്കുമ്പോള്‍, അവിടെ വന്നാലും ഇവിടെ വന്നാലും ഇത് തന്നെയെന്ന ചിന്ത വരും. ചില രോഗികളൊക്കെയുണ്ട്, അവര്‍ക്ക് മരുന്നൊന്നും നല്‍കണമെന്നില്ല, ഡോക്ടര്‍ ഒന്ന് സംസാരിച്ചാല്‍ മാത്രം മതിയായിരിക്കും.

അസുഖം മാറിയിട്ടും പുള്ളിയെ കാണാനായി ഹോസ്പിറ്റലില്‍ വരുന്ന ആള്‍ക്കാരുണ്ട്. അത് ശരിക്കുമൊരു അനുഗ്രഹം തന്നെയാണ്. ഡോക്ടര്‍മാര്‍ ദൈവമാണെന്ന് പറയുന്നതൊക്കെ സത്യമാണ്. പക്ഷെ അത് നമ്മുടെ ഭര്‍ത്താവാകുമ്പോള്‍ കുറച്ച് കൂടുതല്‍ അഡ്വാന്റേജെടുക്കും. അപ്പോള്‍ പുള്ളി പറയും നിനക്കെന്നെ ഒരു വിലയില്ല വേണമെങ്കില്‍ ഹോസ്പിറ്റലില്‍ വന്ന് നോക്കാന്‍,’ ശില്‍പ പറഞ്ഞു.

content highlight: actress shilpa bala about her partner