മുംബൈ: തന്റെ നിലപാടുകള്‍ തുറന്നുപറയുന്നതിലൂടെ കൈയ്യടി നേടിയ നടിയാണ് സമീറ റെഡ്ഡി. ഇപ്പോഴിതാ മാതൃദിനത്തില്‍ അമ്മയായതിന് ശേഷമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് സമീറ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സമീറയുടെ തുറന്നെഴുത്ത്.
ആദ്യപ്രസവത്തിന് ശേഷം തനിക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായെന്നും ഏകദേശം ഒരുവര്‍ഷത്തോളം ഡിപ്രഷനിലായിരുന്നു താനെന്നും സമീറ പറഞ്ഞു.
‘9 മാസം കഴിഞ്ഞപ്പോള്‍ എന്റെ ഭാരം 105 കിലോയിലേക്ക് ഉയര്‍ന്നു. എന്റെ മകനെ കൈയ്യില്‍ കിട്ടിയ നിമിഷം, യഥാര്‍ത്ഥത്തില്‍ ഞാന്‍ സന്തോഷിക്കേണ്ട ദിവസമായിരുന്നു അന്ന്. എന്നാല്‍ എനിക്ക് അതിന് കഴിഞ്ഞില്ല. പോസ്റ്റപാര്‍ട്ടം ഡിപ്രഷന്‍ എന്നെ പിടികൂടിക്കഴിഞ്ഞിരുന്നു. എന്റെ ഭര്‍ത്താവ് അക്ഷയ് ആ സമയത്തും എല്ലാ പിന്തുണയുമായി കൂടെ നിന്നു. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, അക്ഷയുടെ അമ്മ ചോദിച്ചത്. കുഞ്ഞ് വളരെ ആരോഗ്യവാനാണ്, അക്ഷയ് എല്ലാത്തിനും കൂടെ നില്‍ക്കുന്നു. പിന്നെന്തിനാണ് നീ ഇങ്ങനെ വിഷമിക്കുന്നത് എന്ന് അവര്‍ എന്നോട് ചോദിച്ചിരുന്നു. എനിക്ക് ഉത്തരമില്ലായിരുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ഞാന്‍ നിലവിളിച്ച് കരഞ്ഞു. എന്റെ മകന് വേണ്ടി സന്തോഷിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധമായിരുന്നു മനസ്സുമുഴുവന്‍’, സമീറ പറഞ്ഞു.
ഈ അവസ്ഥ ഏകദേശം ഒരു വര്‍ഷത്തോളം തുടര്‍ന്നുവെന്നും താന്‍ പൂര്‍ണ്ണമായി ഡൗണ്‍ ആയ ദിവസങ്ങളായിരുന്നു അതെന്നും സമീറ പറഞ്ഞു. ആ സമയമായപ്പോഴേക്കും സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും താന്‍ വിട്ടുനില്‍ക്കുകയായിരുന്നുവെന്നും തന്റെ ശരീരഭാരം പഴയതുപോലെ 105 കിലോയില്‍ തന്നെ തുടരുകയായിരുന്നുവെന്നും സമീറ പറഞ്ഞു. അതോടൊപ്പം അമിതമായി മുടികൊഴിച്ചിലും തന്നെ പിന്തുടര്‍ന്നിരുന്നുവെന്നും സമീറ കൂട്ടിച്ചേര്‍ത്തു.
ഇതില്‍ നിന്നൊക്കെ പരിഹാരം കാണാനായി സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും കൃത്യമായ ചികിത്സയിലൂടെ തനിക്ക് തന്നെ വീണ്ടുകിട്ടിയെന്നും സമീറ പറഞ്ഞു. അതിനുശേഷമാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ തുടങ്ങിയത്. താന്‍ എന്താണോ അതുപോലെ തന്നെ അവിടെ സംസാരിക്കാന്‍ തുടങ്ങിയെന്നും അതില്‍ നിന്നും തന്റെ ആത്മവിശ്വാസമുയര്‍ന്നെന്നും സമീറ പറയുന്നു.
പഴയ ഭംഗിയൊക്കെ പോയെന്ന് ചിലര്‍ തന്നോട് പരസ്യമായി പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതൊന്നും ഒരു തരിമ്പ് വിഷമം പോലും തനിക്കുണ്ടാക്കിയിട്ടില്ലെന്നും സമീറ പറഞ്ഞു.
‘2018 ല്‍ എന്റെ രണ്ടാമത്തെ പ്രസവവും കഴിഞ്ഞു. ഗര്‍ഭിണിയായിരുന്ന സമയത്ത് തന്നെ ഞാന്‍ ഉള്ളിലുറപ്പിച്ചിരുന്നു, ഇത്തവണ ഈ പ്രശ്‌നങ്ങളെ ഞാന്‍ എന്റെ രീതിയില്‍ നേരിടുമെന്ന്’, സമീറ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക