ഇന്ത്യയിലെ മതങ്ങളിലെ വൈവിധ്യത്തെ കുറിച്ചും കുട്ടിക്കാലം മുതല്‍ വിവിധ മതങ്ങളെ പരിചയപ്പെടാന്‍ സാധിച്ചതിനെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് നടി പ്രിയങ്ക ചോപ്ര. പ്രശസ്ത ഇന്റര്‍വ്യൂവര്‍ ഒപ്രാ വിന്‍ഫ്രിയുടെ ദി സോള്‍ സണ്‍ഡേ എന്ന അഭിമുഖപരിപാടിയിലാണ് പ്രിയങ്ക ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ആത്മീയതക്കും മതത്തിനുമെല്ലാം വലിയ പ്രാധാന്യമുണ്ടല്ലോ, കുട്ടിക്കാലത്ത് അത്തരത്തിലൊരു പശ്ചാത്തലത്തിലാണോ വളര്‍ന്നതെന്ന ഓപ്രാ വിന്‍ഫ്രിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
‘അതെ എന്ന് തന്നെ പറയേണ്ടി വരും. ഇന്ത്യയില്‍ അങ്ങനയല്ലാതെ വളരുകയെന്നത് പ്രയാസമുള്ള കാര്യമാണ്. എണ്ണമറ്റ മതങ്ങള്‍ ഇന്ത്യയിലുണ്ട്. ഞാന്‍ കോണ്‍വന്റ് സ്‌കൂളിലാണ് പഠിച്ചത്.
അച്ഛന്‍ ഒരു പള്ളിയില്‍ പാടാറുണ്ടായിരുന്നു. അങ്ങനെ എനിക്ക് ഇസ്‌ലാമിനെ അറിയാമായിരുന്നു. ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മീയത ഒഴിവാക്കാനാകാത്ത ഘടകമാണ്,’ പ്രിയങ്ക പറയുന്നു.
എല്ലാ മതങ്ങളും ഒരേ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്നാണ് അച്ഛന്‍ തന്നെ പഠിപ്പിച്ചത്. ഞാന്‍ ഹിന്ദുവാണ്. എന്റെ വീട്ടില്‍ ചെറിയ അമ്പലമുണ്ട്. പറ്റുമ്പോഴെല്ലാം അവിടെ ചെന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
‘എന്നാല്‍ ഏതോ ഒരു ഉന്നതശക്തി ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്,’ പ്രിയങ്ക പറഞ്ഞു.
ഒപ്രാ വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിന്റെ വിവിധ ട്രെയ്‌ലറുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാര്‍ച്ച് 24നാണ് ഡിസ്‌കവറി+ ചാനലില്‍ അഭിമുഖം ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്.
നേരത്തെ ഇതേ പരിപാടിയിലാണ് ബ്രിട്ടീഷ് രാജകുടുംബാംഗത്വം ഉപേക്ഷിച്ച ഹാരിയും മേഗന്‍ മെര്‍ക്കലും എത്തിയത്. ഇരുവരുമെത്തിയ അഭിമുഖം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ഏറെ വിവാദങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക