ഓഡീഷന്‍ കഴിഞ്ഞാണ് തുറമുഖത്തിലെത്തിയത്; ആക്ടറുടെ കപ്പാസിറ്റി അളക്കുകയല്ല ഓഡീഷന്റെ ലക്ഷ്യം: പൂര്‍ണിമ ഇന്ദ്രജിത്ത്
Malayalam Cinema
ഓഡീഷന്‍ കഴിഞ്ഞാണ് തുറമുഖത്തിലെത്തിയത്; ആക്ടറുടെ കപ്പാസിറ്റി അളക്കുകയല്ല ഓഡീഷന്റെ ലക്ഷ്യം: പൂര്‍ണിമ ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd June 2022, 12:54 pm

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം തുറമുഖം റിലീസിന് ഒരുങ്ങുകയാണ്. നേരത്തെ ജൂണ്‍ മൂന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പത്താം തിയതിയിലേക്ക് മാറ്റുകയായിരുന്നു.

ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

വൈറസ് എന്ന ചിത്രത്തിന് ശേഷം പൂര്‍ണിമ അഭിനയിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം. തുറമുഖം എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് പൂര്‍ണിമ. ചിത്രത്തിലേക്ക് താന്‍ എത്തിയത് ഓഡീഷന്‍ വഴിയാണെന്നാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണിമ പറയുന്നത്.

സുഹൃദ്ബന്ധങ്ങള്‍ കാരണം ഒരിക്കലും അവസരങ്ങള്‍ കിട്ടില്ലെന്നും നമ്മള്‍ ഒരു കഥാപാത്രത്തിന് അനുയോജ്യരാണോ എന്നത് തന്നെയാണ് മാനദണ്ഡമെന്നും പൂര്‍ണിമ പറഞ്ഞു.

സിനിമയില്‍ പലരും സുഹൃത്തുക്കളാണ്. രാജീവും ഗീതുവും ഇന്ദ്രനും ഞാനുമെല്ലാം 20 വര്‍ഷമായി സുഹൃത്തുക്കളാണ്. പലരും തിരക്കിലാണ്. എപ്പോഴും കാണാന്‍ പറ്റണമെന്നില്ല പക്ഷേ എപ്പോള്‍ കണ്ടാലും ആ ബന്ധം അതേ അളവില്‍ ഉണ്ടാകും. എല്ലാവരും സ്വതന്ത്രമായി സഞ്ചരിക്കുന്നവരാണ്. നമ്മള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പ്രതീക്ഷിക്കാറില്ല. സുഹൃദ്ബന്ധം കാരണമായിരിക്കില്ല ഒരിക്കലും ഓഫര്‍ വരുന്നത്.

നമ്മള്‍ ആ കഥാപാത്രത്തിന് അനുയോജ്യയായി എന്നതുകൊണ്ടുമാണ് കഥാപാത്രം നമ്മളെ അടുത്തേക്ക് വരിക. ആ ഒരു കണ്‍ഫര്‍മേഷന്‍ കിട്ടാനാണ് ഏതൊരു ആക്ടറും ആഗ്രഹിക്കുന്നത്. തുറമുഖത്തിലെ ഉമ്മ എന്ന കഥാപാത്രം എന്നിലും എത്രയോ മേലെ നില്‍ക്കുന്ന കഥാപാത്രമാണ്. അതിലേക്ക് എനിക്ക് എത്തിപ്പെടാന്‍ പറ്റുക എന്നതാണ്. തീര്‍ച്ചയായും ഒരു സപ്പോര്‍ട്ട് സിസ്റ്റത്തില്‍ ആകുമ്പോള്‍ അത് എനിക്ക് സഹായകരമാകും. എന്നെ ഓഡീഷന്‍ കഴിഞ്ഞ് സെലക്ട് ചെയ്തു കഴിഞ്ഞപ്പോഴേക്ക് പിന്നെ അവിടുന്നങ്ങോട്ട് ഒരു യാത്രയായിരുന്നു, പൂര്‍ണിമ പറഞ്ഞു.

ഇത്രയും എക്‌സ്പീരിയന്‍സുള്ള താങ്കളെപ്പോലൊരാള്‍ക്ക് ഓഡീഷന്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഓഡീഷനുണ്ടായിരുന്നെന്നും അങ്ങനെയല്ലേ വര്‍ക്ക് ചെയ്യാന്‍ പറ്റുള്ളൂവെന്നുമായിരുന്നു പൂര്‍ണിമയുടെ മറുപടി.

ഓഡീഷന്‍ ഒരിക്കലും ഒരു ആക്ടര്‍ക്ക് വേണ്ടിയല്ല വെക്കുക. ഒരു സിനിമയുടെ സംവിധായകന്‍ ആഗ്രഹിക്കുന്ന, അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അനുയോജ്യമാണോ ഈ ആക്ടര്‍ എന്ന രീതിയിലാണ് അതിനെ നോക്കുന്നത്. അല്ലാതെ ഒരിക്കലും ഒരു ആക്ടറുടെ കാപ്പബിലിറ്റിയോ കപ്പാസിറ്റിയോ പരിശോധിക്കാനല്ല ഓഡീഷന്‍.

ബോഡി ഓഫ് വര്‍ക്ക് ഉള്ള ഒരു ആക്ടേഴ്‌സിന് ചിലപ്പോള്‍ ഓഡീഷന്‍ വേണ്ടി വരില്ല. കാരണം അത്രയും കഥാപാത്രങ്ങള്‍ അവര്‍ ചിലപ്പോള്‍ ചെയ്തിട്ടുണ്ടാകും. അപ്പോള്‍ സ്വാഭാവികമായും അവരുടെ വര്‍ക്ക് ആണ് അവര്‍ക്ക് വേണ്ടി സംസാരിക്കുന്നത്.

ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ആകെ ചുരുങ്ങിയ വര്‍ഷമേ ഉണ്ടായിട്ടുള്ളൂ. ഏഴ് സിനിമയേ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് വലിയ ഗ്യാപ്പിന് ശേഷമാണ് വരുന്നത്. തുറമുഖത്തിന്റെ ഓഡീഷന് ശേഷമാണ് ഞാന്‍ വൈറസില്‍ അഭിനയിക്കുന്നത്.

ഓഡീഷന്‍ കഴിഞ്ഞ് കണ്‍ഫേം ആയപ്പോള്‍ അവിടുന്ന് അങ്ങോട്ട് ഒരു സ്ലോ പ്രോസസായിരുന്നു. ഒരു ജേര്‍ണിയായിരുന്നു. ചരിത്രത്തെ കുറിച്ച് സംസാരിക്കുന്ന സിനിമകളില്‍ ഭാഗമാകുക എന്നത് അത്ര എളുപ്പമല്ല. അതൊരു ഭാഗ്യമാണ്. ചിലര്‍ക്ക് അത് കിട്ടില്ല. നമ്മളാല്‍ കഴിയുന്ന ബെസ്റ്റ് ചെയ്യുക. അതിനുള്ള സാഹചര്യം ഉണ്ടായി. ഞാന്‍ എന്റെ ബെസ്റ്റ് തന്നെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ തന്നെയാണ്, പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.

മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് നിവിന്‍ പോളിയെത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

Content Highlight: Actress poornima Indrajith  about Thuramukham movie and audition