നടിമാര്‍ക്കെതിരെയുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. പലപ്പോഴും വ്യാപകമായി പ്രചരിക്കുന്നത് കൂടിയാണ് ഇത്തരം ട്രോളുകള്‍.
എന്നാല്‍ സ്ത്രീകള്‍ക്കെതിരായ ട്രോളുകളെ കുറിച്ചും അതുമൂലം പലരിലും ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളെക്കുറച്ചും പറയുകയാണ് നടിയും റേഡിയോ ജോക്കിയുമായ നില്‍ജയിപ്പോള്‍.
നടി അന്‍സിബയ്ക്കുണ്ടായ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നില്‍ജ.
‘ഓരോ സൈബര്‍ അറ്റാക്കും കാര്യങ്ങളുമൊക്കെ പലരേയും പല വിധത്തിലാണ് എഫക്ട് ചെയ്യുക. ദൃശ്യം 1 കഴിഞ്ഞപ്പോ ഒരുപാട് സൈബര്‍ അറ്റാക്കുകളും ട്രോളുകളും ഒക്കെ ഏറ്റുവാങ്ങേണ്ടിവന്ന ആളാണ് അന്‍സിബ. നമ്മള്‍ ഇതെല്ലാം കളിയാക്കി സോഷ്യല്‍ മീഡിയയില്‍ കാണുന്നു, കഴിയുന്നു.
പക്ഷേ അവരുടെ ലൈഫില്‍ സംഭവിച്ചത് എന്താണെന്ന് വെച്ചാല്‍ പുള്ളിക്കാരി ഇത് ഫെയ്‌സ് ചെയ്യാന്‍ ഭയങ്കരമായിട്ട് ബുദ്ധിമുട്ടി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയായി. എത്രയോ നാള്‍ മുറിക്കുള്ളില്‍ അടച്ചിരുന്നു എന്നാണ് പറഞ്ഞത്. കരച്ചിലും ബഹളവും ഒക്കെയായിട്ട്.
ട്രോളുകളൊക്കെ അവരെ മെന്റലി എത്രമാത്രം ആണ് എഫക്ട് ചെയ്യുന്നത് എന്നുകൂടി ഓര്‍ക്കണം,’ നില്‍ജ കൂട്ടിച്ചേര്‍ത്തു.
നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത മലയന്‍കുഞ്ഞ് ആണ് നില്‍ജയുടെ പുതിയ ചിത്രം. കപ്പേള, ചുഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നില്‍ജ നേരത്തെ അഭിനയിച്ചിട്ടുണ്ട്.
സിനിമ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ തുടരുകയാണ്.
മണ്ണിടിച്ചിലിന്റെ ഭീകരത കാണിച്ചു തന്ന ചിത്രം വേറിട്ട ഒരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്.
ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഫഹദിന്റെ മലയാളം ചിത്രം, എ.ആര്‍. റഹ്‌മാന്റെ മ്യൂസിക്, സര്‍വൈവല്‍ ത്രില്ലര്‍ എന്നീ നിലകളിലെല്ലാം ചിത്രം റിലീസിന് മുമ്പേ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.