കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തില്‍ തുടങ്ങി ഇന്ന് ആയിഷയിലെത്തി നില്‍ക്കുകയാണ് മഞ്ജുവിന്റെ അഭിനയ ജീവിതം. മലയാളത്തിന് പുറമെ തമിഴിലും താരം സജീവമാണ്. അടുത്തിടെ ഇറങ്ങിയ തമിഴ് സിനിമയായ തുനിവിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമയായ ആയിഷയുടെ റിലീസിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ മഞ്ജുവിനെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചതും അതിന് മഞ്ജു നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചയാവുകയാണ്.
സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കരുതെന്നും താനൊരു സാധാരണ നടിയാണെന്നും അങ്ങനെ വിളിച്ചാല്‍ മതിയെന്നുമാണ് മഞ്ജു പറഞ്ഞത്. ഒപ്പം, തന്നെ തേടിയെത്തുന്ന ചില കഥകളെ കുറിച്ചും മഞ്ജു സംസാരിച്ചു. സ്ത്രീ പ്രാതിനിത്യമുള്ള സിനിമ എന്നുള്ള വാക്കുകള്‍ എന്നെ പ്രീതിപെടുത്തും എന്നുള്ള ഉദ്ദേശത്തോടു കൂടിയാണ് ചിലര്‍ കഥ പറയാന്‍ വരാറെന്നും എന്നാല്‍ ആയിഷയുടെ കഥയുമായി എന്നെ സമീപിച്ചപ്പോള്‍ അത്തരത്തില്‍ ഒരു വിശേഷണവും അവര്‍ പറഞ്ഞിരുന്നില്ലെന്നും മഞ്ജു വ്യക്തമാക്കി.
‘സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും എന്നെ വിളിക്കരുത്. ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല. മഞ്ജു സാധാരണ ഒരു നടിയാണ്. എന്നെ അങ്ങനെ വിളിച്ചാല്‍ മതി.
ആയിഷ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഒരു നടിയെന്ന രീതിയില്‍ എനിക്ക് വളരെ അഭിമാനവും സന്തോഷവും തോന്നി. സാധാരണ എന്റെ അടുത്ത് വരാറുള്ള കഥയും സ്‌ക്രിപ്റ്റുമൊക്കെ അഭിനയ പ്രാധാന്യമുള്ളവയാണ്. കാരണം ഈ സ്ത്രീ പ്രാതിനിത്യമുള്ള സിനിമ എന്നുള്ള വാക്കുകള്‍ എന്നെ പ്രീതിപെടുത്തും എന്നുള്ള ഉദ്ദേശത്തോടു കൂടി പറയാറുണ്ട് എല്ലാവരും. പക്ഷെ ഇതിന് അങ്ങനെയുള്ള വിശേഷണം ഒന്നുമുണ്ടായിരുന്നില്ല.
ഈ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ഇത് എങ്ങനെയാണ് ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ആമിറും സക്കറിയയുമൊക്കെ പറഞ്ഞിരുന്നു. സക്കറിയയൊക്കെ നല്ല സിനിമകള്‍ എടുത്ത് തെളിയിച്ചിട്ടുള്ള ആളാണ്. ആമിറും വളരെ കഴിവുള്ളയാളാണ്. ഇവരോടൊക്കെ സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാവും ഇവര്‍ക്ക് ഈ സിനിമയെപ്പറ്റി വ്യക്തമായിട്ടുള്ള കാഴ്ചപ്പാടുണ്ടെന്ന്.
അതോടൊപ്പം ഈ സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂവും മറ്റു വിവരങ്ങളുമൊക്കെ കേട്ടപ്പോള്‍ സിനിമ നന്നായിരിക്കും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമൊക്കെയാണ് ഈ സിനിമ ചെയ്യാമെന്ന് ഞാന്‍ സന്തോഷത്തതൊടെ സമ്മതിച്ചത്,’മഞ്ജു പറഞ്ഞു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് ഏതു ക്രൈറ്റീരിയയിലാണ് ആരാധകര്‍ വിളിക്കുന്നതെന്ന് അറിയില്ലെന്നും, സ്‌നേഹം കൊണ്ടാണ് തന്നെ എല്ലാവരും അങ്ങനെ വിളിക്കുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു. ഇന്ന് വിളിക്കുന്നവര്‍ തന്നെ നാളെ മാറ്റി വിളിച്ചേക്കാമെന്നും അതുകൊണ്ട് ഇത്തരം വിളികളില്‍ ഒന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും മഞ്ജു പറഞ്ഞിരുന്നു.
ആമിര്‍ പള്ളിക്കലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആയിഷയില്‍ അപ്പു എന്‍ ഭട്ടതിരിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൃഷ്ണശങ്കര്‍, മോന, സജ്‌ന, രാധിക എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 20നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlight: Actress Manju Warrier about Superstardom and the script she hears