കൊവിഡ് ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയ്യേറ്ററിലെത്തിയ വിജയ് നായകനായ മാസ്റ്ററിലെ നായിക മാളവിക മോഹന്‍ മലയാളികള്‍ക്ക് സുപരിചിതയാണ്.
ഷാരൂഖ് ഖാന്റേയും ആമിര്‍ ഖാന്റേയും നിരവധി സിനിമകള്‍ക്ക് ക്യാമറ ഒരുക്കിയ പയ്യന്നൂര്‍കാരനായ യു.കെ മോഹനന്റെ മകളായ മാളവിക അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു ആഗ്രഹിച്ചത്.
എന്നാല്‍ ഒരു നടിയാകണം എന്ന മോഹം മാളവികയുടെ മനസിലേക്കെത്തിക്കുന്നത് ബോളിവുഡിലെ സൂപ്പര്‍താരമായ സാക്ഷാല്‍ ആമിര്‍ ഖാനാണ്. തലാഷ് സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് മാളവികയെ പരിചയപ്പെട്ടപ്പോഴാണ് ക്യാമറയ്ക്ക് പിന്നിലല്ല മുന്നിലാണ് നിങ്ങള്‍ നില്‍ക്കേണ്ടതെന്ന ഉപദേശം ആമിര്‍ നല്‍കിയത്.
അങ്ങനെ ആദ്യമായി പട്ടം പോലെയെന്ന മലയാള ചിത്രത്തിലൂടെ നായികയായി മാളവിക തന്റെ അഭിനയ സപര്യയ്ക്ക് തുടക്കം കുറിച്ചു.
ദുല്‍ഖറിന്റെ നായികയായി ചിത്രത്തിലേക്ക് മമ്മൂട്ടിയാണ് മാളവികയെ തിരഞ്ഞെടുത്തത്. അച്ഛനെ പോലെ താന്‍ ആദരിക്കുന്ന ക്യാമറാമാനായ അളകപ്പന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിലെ നായികയാകുക എന്ന ഭാഗ്യംകൂടിയായിരുന്നു മാളവികയ്ക്ക് ലഭിച്ചത്.
ഇതെല്ലാം മാളവികയുടെ സ്വപ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ ഒരുപാട് പ്രതീക്ഷയോടെ അഭിനയിച്ച ആ ചിത്രം ബോക്‌സ്ഓഫീസില്‍ വേണ്ടത്ര ചലനമുണ്ടാക്കിയില്ല. അന്ന് താന്‍ അനുഭവിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നെന്നാണ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറയുന്നത്.
അന്ന് ചെറിയ പ്രായമായിരുന്നു. വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുവെന്ന് മാളവിക പറയുന്നു.
സിനിമയില്‍ നായിക ആകുമ്പോള്‍ ആവേശത്തോടെ ഒരുപാട് പേര്‍ ഒപ്പമുണ്ടാകും. പക്ഷേ പരാജയപ്പെടുമ്പോള്‍ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏത് ജോലിയിലും കുഴപ്പങ്ങളുണ്ടായാല്‍ ചുരുക്കം പേരേ അറിയൂ. അതെല്ലാം പ്രൈവറ്റ് പരാജയങ്ങളാണ്. പക്ഷേ ഒരുസിനിമ വീണുപോയാല്‍ അതൊരു ‘പബ്ലിക്ക് പരാജയ’മാണ്. ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും.
ആ പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ലെന്നും വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നുവെന്നും മാളവിക പറയുന്നു.
‘ മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നു. എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം. ആ സ്ഥിതിക്ക് ഇപ്പോഴും മലയാളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ’, മാളവിക ചോദിക്കുന്നു.
എന്നാല്‍ ആ പരാജയം തന്നെ കരുത്തുള്ള ഒരാളാക്കി മാറ്റിയെന്നും അതിനുള്ള പരിശീലനമായിരുന്നു ആ സിനിമയെന്ന് ഇപ്പോള്‍ തോന്നുന്നെന്നും ഇപ്പോള്‍ വിജയത്തേയും പരാജയത്തേയും നേരിടാന്‍ താന്‍ പഠിച്ചുവെന്നും മാളവിക പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക