Malayalam Cinema
എല്ലാം ഇത്ര വേഗം സംഭവിക്കുമെന്ന് ഒട്ടും കരുതിയില്ല; മനസുതുറന്ന് ദീപ്തി സതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 22, 08:05 am
Saturday, 22nd May 2021, 1:35 pm

സിനിമ എപ്പോള്‍ മനസില്‍ കയറി എന്നു അറിയില്ലെന്നും സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ചിന്തയും അറിയാതെ മനസില്‍ കയറിയതാണെന്നും നടി ദീപ്തി സതി. അപ്പോള്‍ മുതല്‍ സിനിമയില്‍ എത്തണമെന്ന് ആഗ്രഹിക്കുകയായിരുന്നെന്നും ദീപ്തി സതി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തീവ്രമായി ആഗ്രഹിച്ചാല്‍ ഈ ലോകത്തില്‍ ലഭിക്കാത്തതായി ഒന്നുമില്ല. മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മുക്കയുടെയും പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും നായികയായി. എല്ലാം ഇത്ര വേഗം സംഭവിക്കുമെന്ന് ഒട്ടും കരുതിയില്ല.

കഥാപാത്രമായി മാറാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ട്. നീനയായി മാറാന്‍ ഭംഗിയുള്ള മുടി കഴുത്തിനൊപ്പിച്ചു മുറിച്ചു. ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചു. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ടെന്‍ഷനില്ലായിരുന്നു. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏല്‍പ്പിച്ച ലാല്‍ജോസ് സാറിനെ നിരാശപ്പെടുത്താന്‍ പാടില്ലെന്ന് ആഗ്രഹിച്ചു. അത് നിറവേറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഇപ്പോഴും കൂടെത്തന്നെയുണ്ട്.

വിനയന്‍ സാറിന്റെ പത്തൊമ്പതാം നൂറ്റാണ്ട് ആണ് പുതിയ ചിത്രം. ആദ്യമായി ഒരു ചരിത്രസിനിമയുടെ ഭാഗമാകാന്‍ പോവുകയാണ്. ഇതുവരെ കാണാത്ത രൂപമാണ് അതില്‍. അതിന്റെ സന്തോഷം വളരെ വലുതാണെന്നും ദീപ്തി സതി പറയുന്നു.

സിനിമയില്‍ എത്തുക എളുപ്പമല്ല. എത്തിച്ചേര്‍ന്നാല്‍ നല്ല കഥാപാത്രം ലഭിക്കാന്‍ എളുപ്പമല്ല. എന്നാല്‍ ഒരുപാട് ആളുകള്‍ സിനിമയില്‍ അഭി നയിക്കാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ എത്ര പേരുടെ ആഗ്രഹം സഫലമാകുന്നുവെന്ന് ആരും അറിയുന്നില്ല.

അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവതിയാണ്. ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരം ആറുവര്‍ഷം മുന്‍പ് നീന തന്നു. ആദ്യ സിനിമയില്‍ത്തന്നെ ടൈറ്റില്‍ കഥാപാത്രം.

മുംബൈയില്‍ ജനിച്ചു വളര്‍ന്ന പാതി മലയാളി പെണ്ണാണ് ഞാന്‍. നീനയില്‍ അഭിനയിക്കുമ്പോള്‍ എന്റെ മലയാളം അത്ര നല്ലതല്ല. എന്നിട്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ആറുവര്‍ഷത്തെ യാത്രയില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. തെലുങ്ക്, കന്നട, മറാത്തി ഭാഷകളില്‍ അഭിനയിക്കാനായി.

എന്നും എന്റെ സ്വപ്നമാണ് ബോളിവുഡ്. മുംബൈയില്‍ ജീവിച്ചിട്ടും ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല. അതിനുള്ള സമയം ആയില്ലെന്ന് കരുതാനാണ് താത്പര്യം. ആഗ്രഹം ഓരോ ദിവസവും വളരുന്നു. അതു സംഭവിക്കുക തന്നെ ചെയ്യും, ദീപ്തി സതി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Deepthi Sathi About Her Cinema Career