അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുന്ന ഭാവനയുടെ ഏറ്റവും പുതിയ സിനിമയാണ് ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്’. ഭാവന, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ സിനിമയിലേക്ക് താന്‍ എങ്ങനെയാണ് വന്നതെന്ന് പറയുകയാണ് നടി ഭാവന. ഇതിന് മുമ്പും ഒരുപാട് കഥകള്‍ കേട്ടിരുന്നു എങ്കിലും മനപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് ഭാവന പറഞ്ഞു. ഈ സിനിമയും താന്‍ ആദ്യം വേണ്ടെന്ന് വെച്ചതായിരുന്നു എന്നും പിന്നീട് സംഭവിച്ച് പോയതാണെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.
‘എന്നെ ഇതിന് മുമ്പ് വിളിച്ച സിനിമകളുടെ സ്‌ക്രിപ്റ്റ് കേട്ടതിനുശേഷം ഞാന്‍ വേണ്ടെന്ന് പറഞ്ഞതായിരുന്നില്ല. അവരൊക്കെ എന്നെ വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ചെയ്യുന്നില്ല എന്ന് തന്നെയാണ് പറഞ്ഞത്. ശരിക്കും പറഞ്ഞാല്‍ ഇനി മലയാളത്തില്‍ സിനിമ ചെയ്യെണ്ട എന്ന തീരുമാനത്തില്‍ തന്നെയായിരുന്നു ഞാന്‍. എനിക്ക് അപ്പോള്‍ അങ്ങനെയാണ് തോന്നിയത്. അതുകൊണ്ടാണ് അഞ്ച് വര്‍ഷം ചെയ്യാതിരുന്നത്.
ഒരുപാട് സംവിധായകരും സിനിമയിലുള്ള എന്റെ സുഹൃത്തുക്കളുമൊക്കെ എന്നെ വിളിച്ചിരുന്നു. ഞാന്‍ സിനിമ ചെയ്യുന്നില്ല എന്നുതന്നെയാണ് അവരോടും പറഞ്ഞത്. ഈ സിനിമയുടെ ആളുകള്‍ക്കും അതറിയാമായിരുന്നു. ഷനീം എന്നുപറയുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്. അയാള്‍ വഴിയാണ് ഇവര്‍ എന്നെ കോണ്‍ടാക്ട് ചെയ്യുന്നത്.
ഷനീം എനിക്ക് മെസേജ് അയച്ചപ്പോഴും എല്ലാവരോടും പറയുന്നതുപോലെ ഞാന്‍ ചെയ്യുന്നില്ല എന്നുതന്നെയാണ് പറഞ്ഞത്. അപ്പോള്‍ അവര്‍ പറഞ്ഞു സ്‌ക്രിപ്റ്റ് വായിച്ച് നോക്കാന്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു വേണ്ടെന്ന്. കാരണം കേട്ട് കഴിഞ്ഞ് കഥ എനിക്ക് ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ എനിക്ക് വിഷമമാകും. വെറുതെ എന്തിനാ അവര്‍ വേറെ ഓപ്ഷന്‍ നോക്കട്ടെ എന്ന് പറഞ്ഞ് ഞാന്‍ വിട്ട് കളഞ്ഞു.
പിന്നീട് ഒരു നാല് മാസം ഞാന്‍ ഒരു കന്നട സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാന്‍ കൊച്ചിയില്‍ വന്നപ്പോഴാണ് ഇവര്‍ വീണ്ടും വന്ന് കഥ പറയുന്നത്. അവര്‍ കാണാന്‍ വരുമ്പോഴും ഞാന്‍ സിനിമ ചെയ്യുന്നില്ലല്ലോ, കാണുന്നെങ്കില്‍ വന്ന് കണ്ടിട്ട് പെക്കോട്ടേ എന്ന ചിന്തയായിരുന്നു എനിക്ക്. കഥ ഇഷ്ടപ്പെട്ടതിന് ശേഷവും ചെയ്യണോ വേണ്ടയോ എന്ന സംശയം എനിക്കുണ്ടായിരുന്നു. അങ്ങനെ പെട്ടെന്നൊരു മൊമന്റില്‍ ഓക്കെ പറഞ്ഞതാണ്,’ ഭാവന പറഞ്ഞു.
content highlight: actress bhavana about why she choose this movie