ശരിതെറ്റുകള്‍ നോക്കാതെ എല്ലാത്തിനും കയറി സോറി പറയുന്നത് നല്ല ശീലമല്ലെന്ന് നടി അപര്‍ണ ബാലമുരളി. എല്ലായ്‌പ്പോഴും തെറ്റ് നമ്മുടെ ഭാഗത്തായിരിക്കില്ലെന്നും പെട്ടന്ന് സോറി പറയുന്ന ആറ്റിറ്റിയൂഡ് വ്യക്തിപരമായി വീക്കാക്കുമെന്നും താരം പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.
അനാവശ്യമായി സോറി പറയുന്ന ശീലമുള്ളയൊരാളാണ് താനെന്നും, തന്റെ സുഹൃത്താണ് അത് തിരുത്തിച്ചെതെന്നും അപര്‍ണ പറഞ്ഞു. പെട്ടന്ന് സോറി പറയുന്ന സ്വഭാവം കുറക്കാന്‍ താന്‍ ശ്രമം നടത്തുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ കുറേ സോറി പറയുന്ന ഒരാളാണ്. അതില്‍ എന്റെ സുഹൃത്ത് എന്ന വിലക്കിയിട്ടുണ്ട്, ഇനി മേലാല്‍ സോറി പറയരുതെന്ന് പറഞ്ഞ്.
എന്ത് കുഞ്ഞു കാര്യത്തിനും, സോറി, സോറി, സോറി…. എന്നിങ്ങനെ പറയും ഞാന്‍. ഈ പ്രാക്ടീസിന് ഒരു പ്രശ്‌നം ഉണ്ട്. നമ്മള്‍ സോറി പറഞ്ഞ്, പറഞ്ഞ് എപ്പോഴും നമ്മുടെ ഭാഗത്താണ് തെറ്റെന്നുള്ള ആറ്റിറ്റിയൂഡ് നമ്മള്‍ ഉണ്ടാക്കിയെടുക്കുകയാണ്. നോട്ട് ആള്‍വേഴ്‌സ് യുവര്‍ ഫോള്‍ട്ട്.
സോറി പറയുന്നത് നമ്മളെ വീക്കാക്കും. ഇങ്ങനെ ഒരു ആറ്റിറ്റിയൂഡ് ഉണ്ടാക്കിയെടുത്താല്‍ ചെയ്യാത്ത തെറ്റിന് പോലും സോറി പറയുന്ന അവസ്ഥയുണ്ടാകും. തെറ്റ് ചെയ്ത ആള്‍ ആ സമയത്ത് ചിലപ്പൊ അവിടെ പവര്‍ ആകാനും സാധ്യതയുണ്ട്. അത് അനുവദിക്കാന്‍ പാടില്ല എന്നാണ് പറയാനുള്ളത്. നമ്മള്‍ ചെയ്തത് ശരിയാണോ തെറ്റാണോ എന്നത് നമ്മള്‍ ആദ്യം അറിയണം.
ചെയ്തത് ശരിയാണെങ്കില്‍ അതില്‍ തന്നെ സ്റ്റിക്ക് ഓണ്‍ ചെയ്ത് നില്‍ക്കണം. അവിടെ പോയി സോറി പറഞ്ഞ്, നമ്മള്‍ നമ്മളെ തന്നെ താഴ്‌ത്തേണ്ട ആവശ്യം ഇല്ല. പെട്ടന്ന് സോറി പറയുന്ന ആ സ്വഭാവം കുറക്കാന്‍ ശ്രമിക്കുകയാണ് ഞാനിപ്പോള്‍,’ അപര്‍ണ പറഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡേ ഒരുക്കുന്ന ‘പദ്മിനി’യാണ് അപര്‍ണയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. പദ്മിനിയുടെ ട്രെയ്‌ലെര്‍ ചൊവ്വാഴ്ച റീലീസ് ചെയ്തിരുന്നു.
കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഈ മാസം ഏഴിന് ചിത്രം പദ്മിനി തിയേറ്ററുകളില്‍ എത്തും.
Content Highlight: Actress Aparna Balamurali says that it is not a good habit to apologize for everything without looking at the wrongdoers