കൊച്ചി: കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന സൈബര്‍ പ്രചരണം നിഷേധിച്ച് നടി അനുശ്രീ. വ്യാജപ്രചരണത്തിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അനുശ്രീ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
‘ഈ ആളുകള്‍ക്കൊന്നും ഒരു പണിയും ഇല്ലേ, അറിയാന്‍ പാടില്ലാഞ്ഞു ചോദിക്കുവാ. വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ, കഷ്ടം’ എന്നാണ് അനുശ്രീ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയത്. ധര്‍മജന്‍ ഇഫക്ട് തുടരുന്നു അനുശ്രീ കോണ്‍ഗ്രസിലേക്ക് എന്നെഴുതിയ ഒരു പോസ്റ്ററും നടി സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലാണ് ധര്‍മജനും പിഷാരടിക്കും പിന്നാലെ അനുശ്രീയും കോണ്‍ഗ്രസിലേക്കെന്ന സൈബര്‍ പ്രചരണം ഉണ്ടായത്. തന്റേത് കോണ്‍ഗ്രസ് കുടുംബമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും അനുശ്രീ പറയുന്ന രീതിയിലാണ് പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങളുള്ളത്.
ഡിസംബറില്‍ പത്തനംതിട്ടയിലെ ചെന്നീര്‍ക്കര പഞ്ചായത്ത് 12ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന്റെ പ്രചരണത്തില്‍ അനുശ്രീ പങ്കെടുത്തിരുന്നു.
സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് അനുശ്രീ പങ്കെടുത്തത്. റിനോയ് വര്‍ഗീസിന്റെ സുഹൃത്താണ് അനുശ്രീ.
നേരത്തേ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലും അനുശ്രീ സജീവമായി പങ്കെടുത്തിരുന്നു.
ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ രമേഷ് പിഷാരടിയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു. ഇടവേള ബാബുവും രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു.
ഐശ്വര്യ കേരളയാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് രമേഷ് പിഷാരടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരത്തിനില്ലെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നുവെന്നും കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന് ആവശ്യമാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക