Malayalam Cinema
അന്ന് ഓഡിഷന് വന്നപ്പോള്‍ നിന്റെ തമിഴ് നല്ല മോശമായിരുന്നെന്ന് ധനുഷ് സാര്‍ പറഞ്ഞു; ഓഡീഷനില്‍ നിന്നും പുറത്തായ അനുഭവം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 02, 07:12 am
Wednesday, 2nd June 2021, 12:42 pm

ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമ ജഗമേ തന്തിരം ജൂണ്‍ 18ന് ഒ.ടി.ടി യില്‍ റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് നടി ഐശ്വര്യ ലക്ഷ്മി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് ഐശ്വര്യ എത്തുന്നത്.

വരത്തനില്‍ അഭിനയിക്കുമ്പോഴാണ് ജഗമേ തന്തിരത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റ് നടക്കുന്നതെന്നും എന്നാല്‍ തനിക്ക് പ്രതീക്ഷയില്ലായിരുന്നെന്നും ഐശ്വര്യ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞു.

സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞ ശേഷം അന്ന് കാര്‍ത്തിക് സാര്‍ പറഞ്ഞത് അടുത്തത് മറ്റൊരു പ്രോജക്ടാണെന്നും അത് കഴിഞ്ഞ് ഇത് തുടങ്ങുമ്പോള്‍ ഐശ്വര്യയെ അറിയിക്കാമെന്നായിരുന്നു. ഞാന്‍ വിചാരിച്ചു എന്റെ സ്‌ക്രീന്‍ ടെസ്റ്റ് സാറിന് ഇഷ്ടപെടാത്തതുകൊണ്ട് ഒഴിവാക്കാന്‍ ഒരു കാരണം പറയുകയാണെന്നാണ്.

അതിനു ശേഷം കാര്‍ത്തിക് സാര്‍ പേട്ട ചെയ്തു. അതും കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് കാര്‍ത്തിക് സാര്‍ വിളിച്ച് ജഗമേ തന്തിരത്തിന്റെ ഷൂട്ട് തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. അത് കേട്ടപ്പോള്‍ സൂപ്പര്‍ എക്സ്സൈറ്റഡായി. ലണ്ടനിലായിരുന്നു ഷൂട്ട്. വളരെ നല്ലൊരു കഥയാണ്. നല്ല പാട്ടുകളുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാണേണ്ട സിനിമയാണ് അത്, ഐശ്വര്യ പറയുന്നു.

ധനുഷിന്റെ നായികയായപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന് ധനുഷ് സാര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഓഡിഷന് 2018ല്‍ വിളിച്ചിരുന്നെന്നും എന്നാല്‍ അതില്‍ തന്നെ സെലക്ട് ചെയ്തില്ലായിരുന്നെന്നും ഐശ്വര്യ പറഞ്ഞു.

ജഗമേ തന്തിരത്തിന്റെ ലൊക്കേഷനില്‍ ധനുഷ് സാറിനോട് ഞാനിത് ഓര്‍മ്മിപ്പിച്ചിരുന്നു. സാറിനും അത് നല്ല ഓര്‍മ്മയുണ്ടായിരുന്നു. അന്ന് നീ ഓഡിഷന്‍ വന്നപ്പോള്‍ നിന്റെ തമിഴ് നല്ല മോശമായിരുന്നെന്ന് സാര്‍ പറഞ്ഞു. ഇപ്പോള്‍ അതെല്ലാം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

ധനുഷ് സാര്‍ അധികമൊന്നും സംസാരിക്കാത്തൊരാളാണ്. വളരെ സപ്പോര്‍ട്ടീവാണ്. ലണ്ടനില്‍ ഞാന്‍ ആദ്യമായി പോവുന്നതു കൊണ്ടും എല്ലാം പുതിയ ടീമും ആയതുകൊണ്ടും ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് ധനുഷ് സര്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. എനിക്കൊരു സഹോദരനെപോലെയാണ് ഫീല്‍ ചെയ്തത്. നല്ല നടനെന്നതിലുപരി നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content highlight: Actress Aishwarya Lekshmi Share an Experiance with actor Dhanush