Entertainment news
ഉയരം കൂടിയതുകൊണ്ട് സിനിമകളില്‍ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്, അത് അവരുടെ അല്‍പ്പത്തരം: അഭിരാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 19, 12:56 pm
Friday, 19th May 2023, 6:26 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷന്‍ എന്ന സിനിമയിലൂടെയാണ് അഭിരാമി വെള്ളിത്തിരയിലേക്ക് കാലെടുത്ത് വെച്ചത്. ഏഷ്യാനെറ്റിലെ ടോപ്പ് ടെന്‍ എന്ന പരിപാടിയില്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു താരത്തിന്റെ തുടക്കം.

പത്രം, മില്ലേനിയം സ്റ്റാര്‍സ്, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. രാകേഷ് ബാല സംവിധാനം ചെയ്ത മാര്‍ജാര ഒരു കല്ലുവെച്ച നുണ എന്ന സിനിമക്ക് ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞിട്ടാണ് അഭിരാമി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

ഹൈറ്റ് കൂടിയതുകൊണ്ട് കുറച്ച് സിനിമകളില്‍ തന്നെ വേണ്ട എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും ഹൈറ്റും, വെയ്റ്റും നോക്കിയിട്ട് തന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറയുന്നത് അല്‍പ്പത്തരം ആണെന്നും അഭിരാമി പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

 

‘ഹൈറ്റ് കൂടിയതുകൊണ്ട് കുറച്ച് സിനിമകളില്‍ എന്നെ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട് എന്ന് പറയന്‍ പറ്റില്ല. കാരണം ഡോക്യുമെന്റില്‍ ഒപ്പ് വെച്ചിട്ട് മാറ്റുമ്പോളാണല്ലോ പുറത്താക്കി എന്ന് പറയുക. ആദ്യം ഒരു സംസാര രീതിയിലേക്ക് എത്തിയിട്ട് പിന്നീട് നമുക്ക് പരിഗണിക്കാം എന്ന് പറഞ്ഞവരുണ്ട്. പിന്നീട് വേറെ ആളെ നോക്കുന്നുണ്ട് എന്നും പറഞ്ഞു. ഒന്നു രണ്ട് സിനിമകളില്‍ അങ്ങനെ പറ്റിയിട്ടുണ്ട്.

ഒത്തിരി പ്രതീക്ഷിച്ചിട്ട് പോയ സിനിമകളായിരുന്നു അത്. ആ സമയത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. എനിക്ക് പതിനെട്ട് വയസ് ഉള്ളപ്പോഴാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. അപ്പോള്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. ഇത് ആരാണ് എന്റെയടുത്ത് പറഞ്ഞത് എനിക്ക് ഓര്‍മയില്ല.

എന്റെ ഹൈറ്റും, വെയ്റ്റും ഒന്നും എന്റെ കയ്യിലുള്ള സാധനങ്ങളല്ല. അത് നോക്കിയിട്ട് എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറയുകയാണെങ്കില്‍ അത് അയാളുടെ അല്‍പ്പത്തരം ആണ്. അത് അയാളുടെ ഇടുങ്ങിയ ചിന്താഗതിയല്ലേ കാണിക്കുന്നത്. ഞാന്‍ എന്ത് ചെയ്യാനാണ് അതുകൊണ്ട് എനിക്ക് കുഴപ്പമില്ല,’ അഭിരാമി പറഞ്ഞു.

താന്‍ അഡോപ്പ്റ്റ് ചെയ്ത കല്‍ക്കി എന്ന കുഞ്ഞിനെപ്പറ്റിയും അഭിരാമി അഭിമുഖത്തില്‍ സംസാരിച്ചു. ഒരു കുഞ്ഞിനെ അഡോപ്പ്റ്റ് ചെയ്യുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതിന് കുറെ പ്രക്രിയകള്‍ ഉണ്ടെന്നും താരം പങ്കുവെച്ചു.

‘അഡോപ്ഷനെപ്പറ്റി എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ വെച്ചിട്ടുള്ള ഒരു അറിവ് ഉണ്ട്. അതിന് കാര എന്ന് പറയുന്ന ഒരു നാഷണല്‍ ബോഡി ഉണ്ട്. ഇന്ത്യയിലെ അഡോപ്ഷന്റെ കാര്യങ്ങളൊക്കെ അവരാണ് നോക്കുന്നത്. നമുക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ നമ്മള്‍ ആദ്യം അവിടെ രജിസ്റ്റര്‍ ചെയ്യണം. അവിടെ തന്നെ നമുക്ക് അതിന്റെ എല്ലാ വിവരങ്ങളും ലഭിക്കും.

പക്ഷെ അതിന് കുറെ മാനദണ്ഡങ്ങളുണ്ട് നമ്മുടെ സാമ്പത്തിക പശ്ചാത്തലം നോക്കും, സ്റ്റേബിള്‍ മാരേജ് ആണോ എന്ന് നോക്കും, ജീവിത പശ്ചാത്തലം നോക്കും അങ്ങനെ ഇതെല്ലാം നോക്കി ഒരുപാട് നാളത്തെ കാത്തിരിപ്പും ഉണ്ട്. ഇത് എളുപ്പമുള്ള ഒരു പ്രക്രിയയാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. അത് വളരെയധികം ആലോചിച്ച് എടുക്കേണ്ട ഒരു തീരുമാനമാണ്.

അങ്ങനെ സത്യസന്ധമായി ഒരാഗ്രഹം ഉണ്ടെങ്കില്‍ കാര എന്ന വെബ്‌സൈറ്റില്‍ നോക്കിയാല്‍ മതി. ഇന്ത്യന്‍ നിയമം അനുസരിച്ച് ഒരു സിംഗിള്‍ രക്ഷിതാവായ സ്ത്രീക്ക് ഒരു പെണ്‍കുഞ്ഞിനെയും ആണ്‍കുഞ്ഞിനേയും ദത്തെടുക്കാന്‍ സാധിക്കും. എന്നാല്‍ പുരുഷന് ആണ്‍കുഞ്ഞിനെ മാത്രമേ ദത്തെടുക്കാന്‍ പറ്റുകയുള്ളു.

എന്റെ മകള്‍ കല്‍ക്കി സുഖമായിയിരിക്കുന്നു. കുറുമ്പിയാണ്, അവള്‍ വിചാരിക്കുന്നതെ അവള്‍ നടത്തുള്ളു. ആഹാരമൊക്കെ തനിയെ കഴിച്ച് തുടങ്ങുന്നതെ ഉള്ളു. ഞാന്‍ ആഹാരം വാരി കൊടുത്ത് കഴിഞ്ഞാല്‍ എന്റെ കയ്യൊക്കെ തട്ടിക്കളയും. നടക്കും, ഓടും, സ്റ്റെപ്പ് കയറാന്‍ ഒക്കെ പഠിച്ചു. ഇപ്പോള്‍ ആരുടെയെങ്കിലുമൊക്കെ കണ്ണ് തെറ്റിയാല്‍ സ്റ്റെപ്പ് കയറി പോകും. അത് കൊണ്ട് തന്നെ ആരെങ്കിലുമൊക്കെ എപ്പോഴും കൂടെ വേണം,’ അഭിരാമി പറഞ്ഞു.

അഭിരാമിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമാണ് ഗരുഡന്‍. അഭിരാമിക്കൊപ്പം സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വര്‍മയാണ്.

അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത് മിഥുന്‍ മാനുവല്‍ തോമസ് എഴുതി സുരേഷ് ഗോപി, ബിജുമേനോന്‍, അഭിരാമി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന സിനിമയാണ് ഗരുഡന്‍.

 

Content Highlight: Actress  Abhirami has been excluded from some films because of her height