ഛത്തീസ്ഗഡില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
national news
ഛത്തീസ്ഗഡില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2025, 5:23 pm

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാക്കറിനെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി കരാറുകാരനും കോണ്‍ഗ്രസ് നേതാവുമായ സുരേഷ് ചന്ദ്രാക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുകേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതുമുതല്‍ സുരേഷ് ചന്ദ്രാക്കര്‍ ഒളിവിലായിരുന്നു.

മാധ്യമപ്രവര്‍ത്തകനെ സെപ്റ്റിക് ടാങ്കിനടുത്ത് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ചിരുന്നു. കരാറുകാരനായ സുരേഷ് ചന്ദ്രാക്കറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തന്നെയായിരുന്നു മുകേഷ് ചന്ദ്രാക്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം മുകേഷിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുകേഷിന്റെ തലയില്‍ 15 ഒടിവുകളും കഴുത്തൊടിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

നാല് കരളിന്റെ കഷണങ്ങള്‍, അഞ്ച് ഒടിഞ്ഞ വാരിയെല്ലുകള്‍, തലയ്ക്ക് 15 ഒടിവുകള്‍, ഹൃദയം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി ഒന്നിന് മുകേഷിനെ കാണാതാവുകയും മൂന്നിന് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പ്രാദേശിക ചാനലില്‍ ജോലി ചെയ്ത് വരികയായിരുന്ന മുകേഷ് ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടിയിരുന്നു.

മുകേഷിനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ യുകേഷ് ചന്ദ്രാക്കര്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കാണാനില്ലെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ മുകേഷിന്റെ വെളിപ്പെടുത്തല്‍ കരാറുകാരനായ സുരേഷ് ചന്ദ്രാക്കറിലേക്ക് എത്തുകയുമായിരുന്നു.

കേസില്‍ സുരേഷ് ചന്ദ്രാക്കറിന്റെ സഹോദരങ്ങളായ ദിനേഷ് ചന്ദ്രകര്‍, റിതേഷ് ചന്ദ്രകര്‍ എന്നിവരുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: Journalist killed for reporting corruption in Chhattisgarh; The accused was arrested