സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. അമൃതം, മായാവി, കഥ പറയുമ്പോള്‍, ബാച്ചിലര്‍ പാര്‍ട്ടി, അസുരവിത്ത്, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങിയ സിനിമളില്‍ ചെറിയ വേഷങ്ങളിലെത്തിയ വിഷ്ണു ഇന്ന് മലയാള സിനിമയിലെ എണ്ണംപറഞ്ഞ നടന്മാരില്‍ ഒരാളാണ്.
അഞ്ചുവര്‍ഷം മുന്‍പ് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റാന്‍ ആഗ്രഹിക്കുന്ന കിച്ചു എന്ന കഥാപാത്രമായി വിഷ്ണു എത്തി. വിഷ്ണുവിന്റെ ആദ്യ നായക വേഷവും ഇതായിരുന്നു.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചും താരം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
സിനിമയില്‍ അഭിനയിക്കണമെന്ന് കുട്ടിക്കാലം മുതലേ ആഗ്രഹിച്ചിരുന്നെന്നും അവിടെ തന്നെ എത്തിപ്പെട്ടെന്നുമാണ് വിഷ്ണു പറയുന്നത്. പ്ലാനിങ്ങില്ലാതെയായിരുന്നു യാത്ര. സിനിമയില്‍ അഭിനയിക്കണമെന്ന് കുട്ടിക്കാലത്തേ ആഗ്രഹിച്ചിരുന്നു. നമ്മള്‍ എപ്പോഴും മുകളിലോട്ടാണല്ലോ നോക്കുന്നത്. അടുത്തത് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് ആലോചിച്ചിട്ടുണ്ട്.