ജന സേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്, ജനങ്ങള്‍ ക്ഷമിക്കണം; ഇടതുപക്ഷത്തെ കുറിച്ചുള്ള പരാമര്‍ശം തിരുത്തി വിനായകന്‍
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന പരാമര്‍ശം തിരുത്തി നടന്‍ വിനായകന്‍.
ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പറയാന്‍ ശ്രമിച്ചതെന്ന് വിനായകന്‍ തിരുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്‍ തന്റെ പരാമര്‍ശം തിരുത്തി വ്യക്തതവരുത്തിയത്.
മീഡിയവണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇടതുപക്ഷത്തെ കുറിച്ച് വിനായകന്റെ പരാമര്‍ശം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണെന്നും ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണമെന്നുമായിരുന്നു അഭിമുഖത്തിലെ വിനായകന്റെ പരാമര്‍ശം. എന്നാല്‍ ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല, ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ജനങ്ങള്‍ ക്ഷമിക്കണമെന്നും വിനായകന്‍ വ്യക്തമാക്കി.
ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞിരുന്നു. നമ്മുടെ നാട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേയെന്നും വിനായകന്‍ ചോദിച്ചിരുന്നു.
‘താന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷെ എന്റെ പരിപാടി അതല്ല. എന്റെ തൊഴില്‍ അഭിനയമാണ്. പക്ഷെ എന്തിനെ കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് താന്‍ ജീവിക്കുന്നത് എന്നതിന് വരെ എനിക്ക് ചോദ്യമുണ്ട്’ വിനായകന്‍ പറഞ്ഞിരുന്നു.