Film News
അല്‍ഫോണ്‍സിന്റെ ആ സിനിമ എന്റെ മകന്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു: വെളിപ്പെടുത്തി വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 11, 08:27 am
Monday, 11th April 2022, 1:57 pm

മകന്‍ സഞ്ജയെ വെച്ച് സിനിമയെടുക്കാനായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടന്‍ വിജയ്. ആ സിനിമക്ക് അവന്‍ സമ്മതിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും വിജയ് പറഞ്ഞു.

സണ്‍ പിക്‌ചേഴ്‌സിനായി സംവിധായകന്‍ നെല്‍സണ്‍ എടുത്ത അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഞ്ജയ്ക്ക് അഭിനായിക്കാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്നു നെല്‍സന്റെ ചോദ്യം.

‘അവന്റെ മൈന്‍ഡിലെന്താണെന്ന് എനിക്ക് തന്നെ അറിയില്ല. നീ അഭിനയിക്കണമെന്നൊന്നും ഞാന്‍ നിര്‍ബന്ധം പിടിക്കാറില്ല. അവന്റെ എന്തെങ്കിലും ആഗ്രഹത്തിന് എന്റെ പിന്തുണ വേണമെന്ന് തോന്നിയാല്‍ ഉറപ്പായും ഉണ്ടാവും.

ചിലര്‍ അവനെ അഭിനയിപ്പിക്കാനായി ചോദിച്ചിരുന്നു. അതെല്ലാം ഞാന്‍ അവനോട് പറയാറുണ്ട്. ഇങ്ങനെ ചിലര്‍ ചോദിച്ചിട്ടുണ്ട്, തീരുമാനമെടുക്കേണ്ടത് നീയാണെന്നും പറഞ്ഞു. എന്നാല്‍ രണ്ട് വര്‍ഷത്തേന് ഒന്നും വേണ്ട എന്നാണ് അവന്‍ പറയാറുള്ളത്,’ വിജയ് പറഞ്ഞു.

‘അതില്‍ ഏറ്റവും രസമായിട്ട് തോന്നിയ സംഭവമുണ്ടായിരുന്നു. പ്രേമത്തിന്റെ ഡയറക്ടര്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്നെ ഒരിക്കല്‍ കാണാന്‍ വന്നിരുന്നു. എന്നോട് കഥ പറയാന്‍ വരുകയാണെന്നാണ് വിചാരിച്ചത്(ചിരിക്കുന്നു). എന്നാല്‍ മകനോട് കഥ പറയാന്‍ വന്നതാണെന്നാണ് അല്‍ഫോണ്‍സ് എന്നോട് പറഞ്ഞത്. സഞ്ജയ് ആ സിനിമ ചെയ്യണമെന്ന് എനിക്ക് ഉള്ളില്‍ ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ ഇപ്പോള്‍ വേണ്ട രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് മതിയെന്നാണ് അവന്‍ പറഞ്ഞത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് ഒരു അഭിമുഖം അനുവദിക്കുന്നത്. മുമ്പ് താന്‍ കൊടുത്ത അഭിമുഖം അച്ചടിച്ച് വന്നപ്പോള്‍ താന്‍ പറഞ്ഞതില്‍ നിന്നും മറ്റൊരു രീതിയിലാണ് അച്ചടിച്ച് വന്നതെന്നും അതോടെയാണ് കുറച്ച് നാളത്തേന് അഭിമുഖങ്ങള്‍ കൊടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയ് ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേ സമയം ഏപ്രില്‍ 13 നാണ് ബീസ്റ്റ് റിലീസ് ചെയ്യുന്നത് വിജയ് യുടെ പുതിയ ചിത്രം ബീസ്റ്റ് റിലീസ് ചെയ്യുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേ ആണ് നായിക. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Actor Vijay says that director Alphonse puthren has approached him to make a film with his son Sanjay