സിനിമയില്‍ ആദ്യകാലങ്ങളിലൊക്കെ തനിക്ക് സ്‌ക്രിപ്‌റ്റൊന്നും വായിക്കാന്‍ കിട്ടിയിരുന്നില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്.
ദശമൂലം ദാമു കാരിക്കേച്ചര്‍ സ്വഭാവമുള്ളൊരു കഥാപാത്രമാണെന്നും ആ കഥാപാത്രം പറയുന്ന കുറേ ഡയലോഗുകളൊക്കെ താന്‍ ഇമ്പ്രൊവൈസ് ചെയ്തതാണെന്നും സുരാജ് പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ ആദ്യകാലങ്ങളിലൊക്കെ എനിക്ക് സ്‌ക്രിപ്‌റ്റൊന്നും വായിക്കാന്‍ കിട്ടാറില്ല. ദശമൂലം ദാമു എന്നത് ഒരു കാരിക്കേച്ചര്‍ സ്വഭാവമുള്ളൊരു കഥാപാത്രമാണ്. അപ്പോള്‍ നമുക്ക് നമ്മുടേതായ രീതിയില്‍ ആ കഥാപാത്രത്തിനെ അവതരിപ്പിക്കാനുള്ള സ്‌പേസുണ്ട്.
തല്ലുകൊള്ളാന്‍ പോവുന്നൊരു ഗുണ്ടയാണ് ദാമു. ഞാന്‍ സ്റ്റേജ് പ്രോഗ്രാമിനൊക്കെ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വെല്ലുവിളിച്ചിട്ട് അടിവരുമ്പോള്‍ ഓടിക്കളയുന്ന ആളുകളെയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഇതൊക്കെ എന്റെ മനസിലേക്ക് വരും. അതൊക്കെ സംവിധായകരുമായും തിരക്കഥാകൃത്തുക്കളുമായും ഡിസ്‌കസ് ചെയ്യാറുമുണ്ട്, ‘ സുരാജ് പറഞ്ഞു.