എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
നേരത്തെ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപെന്നും അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു.
ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതി.
ഈ തലമുറ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വൈറസ് ആക്രമണത്തിനെതിരെ ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു രാജ്യവും സര്‍ക്കാരും മുന്‍ഗണന നല്‍കുന്നു എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് റിമ ഫേസ്ബുക്കില്‍ എഴുതി.
ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകമാണെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.
മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്.
കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.
ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുകയെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രതിഷേധ ക്യാംപയിന്‍ തുടരുകയാണ്.