ടെന്‍ഷനുണ്ടോയെന്ന് ലാലേട്ടന്‍, ജോര്‍ജുകുട്ടിയും സാബുവും തമ്മിലുള്ള കാര്യമായി, സിംപിളായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ് ധൈര്യം നല്‍കി; ദൃശ്യം അനുഭവം പങ്കുവെച്ച് സുമേഷ്
മോഹന്‍ലാല്‍ എന്ന നടനെ അകലെ നിന്ന് ആരാധിച്ചിരുന്ന ആളായിരുന്നു താനെന്നും ലാലേട്ടനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നു പറയുകയാണ് ദൃശ്യം സിനിമയിലെ സാബുവെന്ന ഷാഡോ പൊലീസ് കഥാപാത്രമായി എത്തിയ സുമേഷ് ചന്ദ്രന്‍.
കുടിയന്റെ റോള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് ടെന്‍ഷന്‍ തോന്നിയിരുന്നില്ലെന്നും എന്നാല്‍ ലാലേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ടെന്‍ഷന്‍ തോന്നിയെന്നും സുമേഷ് ചന്ദ്രന്‍ പറഞ്ഞു.
‘ഒറ്റയാള്‍ പോരാട്ടം’ എന്ന പരിപാടിയിലൂടെ കള്ളുകുടിയനായാണ് എല്ലാവരും എന്നെയറിയുന്നത്. ജീത്തുസാര്‍ ഇങ്ങനെയൊരവസരമുണ്ടെന്ന് പറഞ്ഞപ്പോള്‍ അറിയാതെ മുണ്ടിന്റെ മടക്കഴിച്ചു നിന്നുപോയി ഞാന്‍. അത്രയും വലിയ ഞെട്ടലായിരുന്നു.
കുടിയന്റെ വേഷമാണ്. പിന്നീട് കഥാപാത്രത്തിന്റെ മാറ്റത്തെക്കുറിച്ച് പറഞ്ഞുകേട്ടപ്പോള്‍ കൂടുതല്‍ സന്തോഷമായി. ഇതിനുമുന്‍പ് ഭാസ്‌കര്‍ ദി റാസ്‌കല്‍, ആദ്യരാത്രി എന്നിങ്ങനെ രണ്ടു സിനിമകള്‍ ചെയ്തിരുന്നു. എന്നാല്‍ സാബുവെന്ന കഥാപാത്രം എന്റെ ജീവിതത്തെ മാറ്റിമറിച്ചിരിക്കു കയാണ്. സിനിമയുടെ സസ്‌പെന്‍സൊന്നും അറിയാതെയാണ് ഞാനും അഭിനയിച്ചത്.
ലാലേട്ടനെ അകലെനിന്ന് ആരാധിച്ചിരുന്നയാളാണ് ഞാന്‍. ലാലേട്ടനൊപ്പം ഒരു സിനിമ. അതു തന്നെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കഥാപാത്രത്തെക്കുറിച്ച് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. കുടിയന്റെ റോള്‍ എനിക്ക് ചെയ്തു പരിചയമുള്ളതാണ്. പക്ഷേ, ലാലേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളില്‍ ചെറിയ ടെന്‍ഷന്‍ തോന്നി. അതു മാറ്റിയത് ജീത്തു സാറാണ്.
എന്നെ കൊണ്ടുപോയി ലാലേട്ടനെ പരിചയപ്പെടുത്തി. ടെന്‍ഷനുണ്ടോയെന്ന് ലാലേട്ടന്‍ ചോദിച്ചു. ജോര്‍ജുകുട്ടിയും സാബുവും തമ്മിലുള്ള കാര്യമായി, ഇതിനെ സിംപിളായി കണ്ടാല്‍ മതിയെന്നും മോഹന്‍ലാലും സുമേഷുമായി കഥാപാത്രത്തിന് ബന്ധമില്ലെന്നും പറഞ്ഞ് അദ്ദേഹം ധൈര്യം നല്‍കി. സീനിനുമുന്‍പ് പിന്നെ ജീത്തുസാര്‍ ലാലേട്ടന്റെ സ്ഥാനത്തുനിന്ന് ഒരു ട്രയലൊക്കെ എടുപ്പിച്ചിരുന്നു. അതൊക്കെ ടെന്‍ഷന്‍ മാറ്റി, സുമേഷ് ചന്ദ്രന്‍ പറഞ്ഞു.
തിയേറ്ററില്‍ സിനിമ റിലീസാകാതിരുന്നത് വലിയൊരു നഷ്ടം തന്നെയാണെന്നും ‘ഭാസ്‌കര്‍ ദി റാസ്‌കല്‍’ സിനിമ കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ പൊക്കിയെടുത്തുകൊണ്ടുപോയ അനുഭവമുണ്ടായിട്ടുണ്ടെന്നും അതൊരു ചെറിയ റോളായിരുന്നിട്ടും അത് ഇന്നും മറക്കാന്‍ കഴിയില്ലെന്നും സുമേഷ് പറയുന്നു.
ദൃശ്യം 2 തിയേറ്ററില്‍ വന്നാല്‍ എന്താകും പ്രേക്ഷക പ്രതികരണമെന്ന് ഇടയ്ക്ക് ഞാന്‍ ഓര്‍ത്തുനോക്കും. ഒ.ടി.ടി.ക്കും നല്ലവശങ്ങളുണ്ട്. ഫോണില്‍ കാണാന്‍ മടിയായിട്ട് ഞാന്‍ വീട്ടില്‍ തിയേറ്റര്‍ പോലെ സെറ്റിട്ടാണ് കുടുംബത്തോടൊപ്പം സിനിമ കാണുന്നത്. കസേരകളൊക്കെ അടുക്കി പോപ്‌കോണൊക്കെ കൊറിച്ച് ആ നഷ്ടത്തെ മറികടന്നു.
ഒരുപാട് കാലത്തെ സ്വപ്നമാണ് ദൃശ്യം 2 വിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. എല്ലാം പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. ഇനിയും കോമഡിക്കപ്പുറത്തേക്കുള്ള വേഷങ്ങള്‍ ചെയ്യണമെന്നാഗ്രഹമുണ്ട്. ഇപ്പോള്‍ കഥയൊക്കെ കേള്‍ക്കാന്‍ ആള്‍ക്കാര്‍ വിളിക്കുന്നുണ്ട്. ചാനല്‍ പരിപാടികളും തുടരുന്നു. ജീവിതം മാറുകയാണ്. എല്ലാം പ്രതീക്ഷയോടെ നോക്കിക്കാണുന്നു, സുമേഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക